മുതുകുളം: ആറാട്ടുപുഴ, ചിങ്ങോലി പഞ്ചായത്തുകളിൽ ഭരണത്തുടർച്ച യു.ഡി.എഫ് കണക്കുകൂട്ടുമ്പോൾ അധികാരം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ആറാട്ടുപുഴയിൽ 80.82ശതമാനം പേരും ചിങ്ങോലിയിൽ 77.56 ശതമാനം പേരുമാണ് വോട്ട് ചെയ്തത്.
2015-ൽ പോളിംഗ് ശതമാനം യഥാക്രമം 83.57-ഉം 79.77-ഉം ആയിരുന്നു. ആറാട്ടുപുഴ ഇടതുപക്ഷത്തോട് ആണ് കൂടുതൽ തവണ ചേർന്നിട്ടുള്ളത് . രണ്ടു തവണ മാത്രമാണ് ഇവിടെ യു.ഡി.എഫിന് അധികാരം പിടിക്കാനായത്. 2015-ൽ ഇടതുമുന്നണിക്ക് അപ്രതീക്ഷിത തോൽവി നേരിടേണ്ടി വന്നു. ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്നാണ് എൽ.ഡി.എഫ്. നേതാക്കന്മാർ പറയുന്നത്. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് യു .ഡി .എഫ് നേതാക്കളും പറയുന്നു . ചിങ്ങോലിയിൽ , കഴിഞ്ഞ രണ്ടു തവണയായി ഭരണം നടത്തുന്നത് യു.ഡി.എഫ് ആണ്. ഹാട്രിക് വിജയം നേടാമെന്ന പ്രതീക്ഷയാണ് നേതാക്കൾക്കുളളത്. എന്നാൽ ഇത്തവണ അധികാരത്തിലേറുമെന്ന ഉറച്ച വിശ്വാസമാണ് എൽ .ഡി .എഫ് വച്ചുപുലർത്തുന്നത് . കഴിഞ്ഞ തവണ രണ്ടുപഞ്ചായത്തിലും ഒരോ വാർഡുകളിൽ എൻ.ഡി.എ.വിജയിച്ചിരുന്നു. ഈ തവണ കൂടുതൽ സീറ്റുകൾ നേടി നില മെച്ചപ്പെടുത്തുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ.