ഇരുനിലമന്ദിരം നിർമ്മിക്കാൻ അനുമതിയുള്ളിടത്ത് ഉയരുന്നത് ബഹുനില മന്ദിരങ്ങൾ

ആലപ്പുഴ: തീരദേശത്തെ നിർമ്മാണത്തിനും വിനോദ സഞ്ചാരത്തിനും ഇളവ് നൽകി തീരദേശ പരിപാലന നിയമത്തിൽ കേന്ദ്രം 2018-ൽ വരുത്തിയ ഭേദഗതിയുടെ മറവിൽ നഗരത്തിലെ തീരപ്രദേശത്ത് കൈയേറ്റം വ്യാപകമാകുന്നു. ബീച്ചുകളിൽ 10 മീറ്റർ വിട്ട് വിനോദസഞ്ചാരാവശ്യത്തിനായി താൽക്കാലിക നിർമ്മാണമാകാമെന്ന് ഭേദഗതിയിൽ പറയുന്നുണ്ട്. ഇതോടെ റിസോർട്ടുകളിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കടൽഭിത്തി കൈയേറിയുള്ള നിർമ്മാണങ്ങൾ വ്യാപകമായി.

സി.ആർ.ഇസഡ് സോൺ പരിധിയിൽ പരമാവധി രണ്ട് നില കെട്ടിടം പണിയാൻ മാത്രം അനുമതി നിലനിൽക്കേ പലേടത്തും ബഹുനില മന്ദിരങ്ങൾ ഉയരുകയാണ്. പരിസ്ഥിതി ലോല പ്രദേശത്ത് നിർമ്മാണങ്ങൾ തകൃതിയായി മുന്നേറുമ്പോഴും പരിശോധനയ്ക്ക് പോലും ഉദ്യോഗസ്ഥരെത്തുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. സീ വ്യൂ, കനാൽ വാർഡുകളിൽ പ്രവർത്തിക്കുന്ന പല റിസോർട്ടുകളുമാണ് അനധികൃത കൈയ്യേറ്റവും നിർമ്മാണങ്ങളും നടത്തുന്നത്.

പൊതുവഴിയായി ഉപയോഗിച്ചിരുന്ന പ്രദേശം പോലും പലരും സ്വകാര്യ ആവശ്യത്തിനായി കെട്ടി വളച്ചു. റിസോർട്ടുകളിൽ നിന്ന് നേരെ കടൽത്തീരത്തേക്ക് ഇറങ്ങാനുള്ള സംവിധാനം, സൺ ബാത്തിനുള്ള സൗകര്യം, ഡൈനിംഗ് ടേബിൾ എന്നിവയാണ് പൊതുവഴി കൈയ്യേറി ഒരുക്കിയിരിക്കുന്നത്. കടൽഭിത്തിയോട് ചേർന്ന് കോൺക്രീറ്റ് നടപ്പാത നിർമ്മിച്ചു. .

ഇവിടെ കടലിൽ ഇറങ്ങാം!

കൊവിഡ് പശ്ചാത്തലത്തിൽ, ആലപ്പുഴ ബീച്ചിൽ എത്തുന്നവരെ നിയന്ത്രിക്കുന്നതിനായി പ്രധാന മേഖലകളിൽ ലൈഫ് ഗാർഡുകളും പൊലീസും സദാ ഡ്യൂട്ടിയിലുണ്ട്. എന്നാൽ പരിശോധകരില്ലാത്ത ഭാഗങ്ങളിൽ അപകടം ക്ഷണിച്ചു വരുത്തത്തക്ക വിധം സഞ്ചാരികളുടെ കുത്തൊഴുക്കാണ്. കുട്ടികളുടെ പാർക്കിന് വടക്കു വശത്തേക്ക് കിലോമീറ്ററുകളോളം ഭാഗത്താണ് സ്ഥിരമായി ആളുകൾ കുടുംബത്തോടെ എത്തുന്നത്. അപകടമുണ്ടായാൽ രക്ഷപെടുത്താൻ പരിചയസമ്പന്നരായ ജീവനക്കാർ ആരുമില്ലാത്ത പ്രദേശമാണിത്. ചില ദിവസങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ പോലും സ്ഥലം കിട്ടാത്തത്ര തിരക്കാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

''തീരദേശ പരിപാലന നിയന്ത്രണ പരിധിയിലാണ് ഞങ്ങൾ താമസിക്കുന്നത്. ഇവിടെ പരമാവധി രണ്ട് നില കെട്ടിടം പണിയാൻ മാത്രം അനുമതിയുള്ള സ്ഥാനത്താണ് ബഹുനില കെട്ടിടങ്ങൾ ഉയർന്നു വരുന്നത്. കാലാകാലങ്ങളായി പൊതുവഴിയായി ഉപയോഗിച്ചിരുന്ന പ്രദേശങ്ങൾ വരെ റിസോർട്ടുകാർ കൈയേറി

- പ്രദേശവാസി