ആലപ്പുഴ:ഹൈക്കോടതി നിർദ്ദേശാനുസരണം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ മർദ്ദിച്ചെന്നാരോപിച്ച് കായംകുളം സ്റ്റേഷൻ എസ്.എച്ച്.ഒയുടെ ചുമതലയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. എസ്.ഐ. ഷൈജുവിനും കണ്ടാലറിയാവുന്ന മറ്റു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ അഡ്വ.വിൻസെന്റ് ജോസഫാണ് ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവർക്കും പരാതി നൽകിയത്.
ക്രിമിനൽ കേസുമായി ബന്ധപ്പെട്ടാണ് വിധു,അമൽ, അക്ഷയ്, ശ്രീമോൻ എന്നിവരെ പ്രതികളാക്കി വിവിധ വകുപ്പുകൾ പ്രകാരം കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് .പ്രതികൾക്ക് വേണ്ടി അഡ്വ. വിൻസെന്റ് ജോസഫ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാവാനും തുടർന്ന് ബന്ധപ്പെട്ട കോടതിയിൽ ജാമ്യം തേടാനുമായിരുന്നു ഹൈക്കോടതി നിർദ്ദേശം.
ഇതനുസരിച്ച് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചുവെന്നും നിയമാനുസൃത സമയത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കിയില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും മർദ്ദനത്തിനിരയായവർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.