s

അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

ആലപ്പുഴ : രാമങ്കരി മണലാടിയിൽ റോഡ് നിർമ്മാണത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ 64പേർക്ക് എതിരെ രാമങ്കരി പൊലീസ് കേസെടുത്തു. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 34പേർക്കും അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയേറുകയും സ്ത്രീയെ അക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്തതിന് 30പേർക്കും എതിരെയാണ് കേസെടുത്തത്.

പൊലീസിനെ അക്രമിച്ച കേസിൽഇന്നലെ രണ്ട് പേരെക്കൂടി അറസ്റ്റു ചെയ്തതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടകീയമായ സംഭവത്തിന് തുടക്കം. രാമങ്കരി ഒന്നാം വാർഡ് മഠത്തിൽപറമ്പ് ലക്ഷം വീട് കോളനിയിൽ 45കുടുംബങ്ങൾ വർഷങ്ങളായി സഞ്ചരിച്ചിരുന്ന വഴിയോട് ചേർന്ന് നിന്ന മണലാടി പുന്നശ്ശേരി പത്തിൽച്ചിറയിൽ ജോസി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള 18തെങ്ങുകൾ ഒരുസംഘം ആളുകൾ വെട്ടി മാറ്റി. ഇതു തടയാനെത്തിയ പൊലീസിനെ ഇവർ ആക്രമിച്ചു. വനിതകളെ മുന്നിൽ നിർത്തി പൊലീസിനെ തടഞ്ഞു. മുളക് പൊടികലക്കിയ വെള്ളം പൊലീസിന് നേർക്ക് തളിച്ചു. ഇതിനെ നേരിടാൻ നടത്തിയ ശ്രമത്തിനിടെ പൊലീസ് സംഘത്തിലുണ്ടായിരുന്ന ഒരു ഗ്രേഡ് എസ്.ഐയ്ക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. തലക്ക് വെട്ടേറ്റ നിലയിൽ ഗ്രേഡ് എസ്.ഐ ജോസഫിനെ ചങ്ങനാശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ നാട്ടുകാരായ സ്ത്രീകൾക്ക് ചികിത്സ നൽകുന്നതിൽ പോലും വീഴ്ച വരുത്തിയ പൊലീസ് പ്രദേശത്ത് ഭീകര അന്തരീക്ഷം സൃഷ്ടിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.കേസിൽ ഉൾപ്പെട്ട എല്ലാവരും ഒളിവിലാണ്.

രണ്ട് പേർകൂടി അറസ്റ്റിൽ

രാമങ്കരി മണലാടി ഭാഗത്ത് വഴിത്തർക്കം പര്രഹരിക്കാനെത്തിയ പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ രണ്ട് പ്രതികളെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. മണലാടി സ്വദേശികളായ മഠത്തിൽപറമ്പ് ലക്ഷം വീട് കോളനിയിൽ കിഷോർകുമാർ(41), മഠത്തിൽപറമ്പ് ലക്ഷം വീട് കോളനിയിൽ സുമേഷ്(37) എന്നിവരെയാണ് ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ.ജയരാജ്, രാമങ്കരി സി.ഐ ജി.സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രാമങ്കരി പള്ളിക്കൂട്ടുമ്മ കോലാച്ചേരി വീട്ടിൽ സോജൻ സേവ്യർ(46), ഓതറ ഇരവിപേരൂർ സ്വദേശി ഭൂതക്കുഴി കോളനി രാജൻ(60), ആലപ്പുഴ പാതിരപ്പള്ളി മുഴങ്ങാവെളിയിൽ വീട്ടിൽ സോജൻ(47) എന്നിവരെ റിമാൻഡ്‌ ചെയ്തു. ഇന്നലെ രാമങ്കരി പള്ളികൂട്ടുമ്മ ഭാഗത്ത് നിന്ന് കിഷോറിനെയും പുതുക്കരി ഭാഗത്ത് നിന്ന് സുമേഷിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐമാരായ മോഹന കുമാർ, ഷാംജി, എ.എസ്.ഐമാരായ റിജോ, ജയദേവ്, സുധിമോൻ, സി.പി.ഒമാരായ ഉല്ലാസ്, നിസാറുദ്ദീൻ, ജിനു, വിഷ്ണു, സുധീഷ്, വിനോദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.