s

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിക്കും വിധം ഫോൺ സംഭാഷണം നടത്തിയ സംഭവത്തിൽ ഡി.സി.സി അംഗത്തിനെതിരെ നടപടി വന്നേക്കും. മാവേലിക്കര നിയോജക മണ്ഡലത്തിൽ നിന്നുള്ള ഡി.സി.സി അംഗത്തിനാണ് ഡി.സി.സി പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വിശദീകരണം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്ന കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാറിനെതിരെ ഡി.സി.സി അംഗം പരാമർശം നടത്തുന്ന സംഭാഷണമാണ് തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായി പ്രചരിച്ചത്. ഇതേക്കുറിച്ച് ഡി.സി.സി നേതൃത്വത്തിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാനും പാർട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഫോൺ സംഭാഷണത്തിൽ എന്തെങ്കിലും എഡിറ്റിംഗ് നടന്നിട്ടുണ്ടോ എന്നതടക്കമുള്ള സാങ്കേതിക കാര്യങ്ങളും പരിശോധിക്കും.

വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡിലെ വനിതാ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിനെതിരെ മറ്റൊരു യുവനേതാവ് നടത്തിയ സംഭാഷണവും വാട്ട്സ് ആപ്പ് വഴി പ്രചരിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ച് ജില്ലാ നേതൃത്വത്തിന് രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. മാത്രമല്ല, സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് നടന്ന സംഭവമാണ് അതെന്നാണ് സൂചന. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന വ്യക്തിക്കെതിരെ നടത്തുന്ന പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് നേതൃത്വം. സ്ഥാനാർത്ഥി നിർണ്ണയമടക്കം കോൺഗ്രസിനുള്ളിൽ ഉടലെടുത്ത അഭിപ്രായഭിന്നതകളാണ് എതിർ സംഘടനകളിലുള്ളവരുടെ അടക്കം വാട്സ് ആപ്പുകളിലേക്ക് സംഭാഷണങ്ങൾ എത്താൻ ഇടയാക്കിയത്. ഇത് പ്രചരിപ്പിക്കാൻ ശ്രമിച്ചവരെക്കുറിച്ചും അന്വേഷണമുണ്ട്.കഴിഞ്ഞ കുറെ ദിവസങ്ങളായി വള്ളികുന്നം , താമരക്കുളം , കൃഷ്ണപുരം മേഖലകളിൽ സജീവ ചർച്ചയാണ് സംഭവം.

ഗൗരവത്തിൽ കാണും: എം.ലിജു

ഉത്തരവാദപ്പെട്ടവർ നടത്തിയ സംഭാഷണം പാർട്ടി നേതൃത്വം ഗൗരവത്തിലാണ് കാണുന്നത്. ഒരാളെ സ്ഥാനാർത്ഥിയായി തീരുമാനിച്ച് പാർട്ടി ചിഹ്നം നൽകിയാൽ അയാൾക്കെതിരെ പ്രവർത്തിക്കുന്നത് അച്ചടക്ക ലംഘനമാണ്. അത് വച്ചുപൊറുപ്പിക്കാനാവില്ല. ഇത്തവണ വ്യക്തമായ ഒരു ഘടന ഉണ്ടാക്കിയാണ് തിരഞ്ഞെടുപ്പിനെ യു.ഡി.എഫ് നേരിട്ടത്. ജില്ലയിലെ 1384 വാർുഡകളിലും വാർഡ് കമ്മിറ്രികൾ രൂപീകരിച്ചു. ഈ കമ്മിറ്റികൾ തയ്യാറാക്കി സമർപ്പിച്ച സ്ഥാനാർത്ഥി ലിസ്റ്റ് വിശദമായി ജില്ലാ നേതൃത്വം പരിശോധിച്ച് , ഉപരി കമ്മിറ്റികളുമായി ചർച്ച ചെയ്താണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. ഈ സ്ഥാനാർത്ഥികളെ അംഗീകരിക്കാൻ പാർട്ടി പ്രവർത്തകരും നേതാക്കളും ബാദ്ധ്യസ്ഥരാണ്. അതിന് തയ്യാറാവാത്തവർക്കെതിരെ ശക്തമായ നടപടി എടുക്കാനാണ് കെ.പി.സി.സി നേതൃത്വവും തീരുമാനിച്ചിട്ടുള്ളത്. ഇപ്പോഴത്തെ ഫോൺ വിവാദത്തെക്കുറിച്ച് കെ.പി.സി.സിക്ക് വിശദമായ റിപ്പോർട്ട് നൽകും.