ആലപ്പുഴ : ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും അലവൻസുകളും ഇൻസെന്റീവും കൃത്യസമയത്ത് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസ് കോളേജ് പ്രിൻസിപ്പലിന് ഉത്തരവ് നൽകി.
തനിക്ക് പോസ്റ്റ്‌മോർട്ടം അലവൻസ് അനുവദിക്കുന്നില്ലെന്ന് കാട്ടി കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർ നൽകിയ പരാതിയിലാണ് നടപടി.ഫോറൻസിക് വിഭാഗത്തിലെ മറ്റ് ജീവനക്കാർക്കെല്ലാം കൃത്യ സമയത്ത് അലവൻസ് ലഭിക്കുന്നുണ്ട്. 2020 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സമയത്ത് കരാർ ജീവനക്കാർക്ക് പോസ്റ്റ് മോർട്ടം അലവൻസ് നൽകിയിട്ടില്ലെന്ന് പ്രിൻസിപ്പൽ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്ന സ്പാർക്ക് സിസ്റ്റത്തിലുള്ള ചില അപാകതകളാണ് ഇതിന് കാരണം. ഇത് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അറിയിച്ചു. രണ്ടു മാസത്തിനകം പ്രിൻസിപ്പൽ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.