
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് കൃഷിഭവനിൽ നിന്നും കൊടുത്ത ഉമ ഇനത്തിൽപ്പെട്ട നെൽ വിത്ത് ഗുണനിലവാരമില്ലാത്തതിനാൽ കിളിർക്കുന്നില്ലെന്ന് കർഷകരുടെ പരാതി. പുന്നപ്ര നാലു പാടത്തെ കർഷകരാണ് അസി. കൃഷി ഡയറക്ടർക്കും, കൃഷി ഓഫീസർക്കും പരാതി നൽകിയത്.
ഗോഡൗൺ സൗകര്യമുള്ളതിനാൽ നാലു പാടത്തെ പാടശേഖര സമിതിക്ക് 2 മാസം മുൻപെ കൃഷിഭവനിൽ നിന്നും വിത്തു നൽകി. 2 ദിവസങ്ങൾക്കു മുൻപ് കർഷകർ വിത്ത് വാങ്ങി വെള്ളത്തിൽ കെട്ടിവെച്ചപ്പോഴാണ് വിത്ത് കിളിർക്കാത്തതാണെന്ന് മനസിലായത്. സ്വകാര്യ ഏജൻസികൾ 32 രൂപ വിലക്ക് വിത്തു നൽകുമ്പോൾ സർക്കാർ 42 രൂപയാണ് ഈടാക്കുന്നതെന്നും കർഷകർ പറയുന്നു. രാഷ്ട്രീയ കൃഷി വികാസ് യോജന വഴി കർഷകർക്കു ലഭിക്കുന്ന സബ്സിഡിയിൽ നിന്നുമാണ് സർക്കാർ തുക ഈടാക്കുന്നത്.വിത സമയം കഴിഞ്ഞാൽ കൃഷി ഇറക്കാൻ ബുദ്ധിമുട്ടാകുമെന്നതിനാൽ പാലക്കാട്ടു നിന്നുമുള്ള സ്വകാര്യ ഏജൻസികളുടെ പക്കൽ നിന്നും വിത്തു വാങ്ങുകയാണ് പല കർഷകരും. ഇത് തങ്ങൾക്ക് ഇരട്ടി ബാധ്യത ഉണ്ടാക്കുന്നുവെന്നാണ് കർഷകർ പറയുന്നത് .