മാവേലിക്കര: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ വാർഷിക പൊതുയോഗം കൂടി കണക്കുകൾ അംഗീകരിച്ച് പാസാക്കുന്നതിനുള്ള സമയപരിധി അടുത്ത വർഷം മാർച്ച് 31 വരെ നീട്ടണമെന്ന് ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ആവശ്യപ്പെട്ടു. സാധാരണ ഓഡിറ്റ് പൂർത്തിയാക്കി സെപ്തംബർ 30നകം ജനറൽ ബോഡി കൂടുന്നതാണ്. ഇത്തവണ കൊറോണ ബാധയെ തുടർന്ന് ഇത് ഡിസംബർ 31 വരെ നീട്ടിയിരുന്നു. എന്നാൽ ഇപ്പോഴും കൊവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിനെപ്പോലെ സഹകാരികൾ കൂടുതലുള്ള ബാങ്കുകൾക്ക് സാമുഹിക അകലം പാലിച്ച് ജനറൽ ബോഡി കൂടുന്നതിന് നിലവിലുള്ള ആഡിറ്റോറിയങ്ങളിൽ സൗകര്യങ്ങളില്ല.
വെള്ളപ്പൊക്ക കാലത്ത് ജനറൽബോഡി കൂടുന്നത് നീട്ടിവച്ച് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഓഡിറ്റ് പൂർത്തിയാക്കി ജനറൽ ബോഡി കൂടുന്നത് സ്റ്റാറ്റിറ്റ്യൂട്ടറി ആയതിനാൽ സഹകരണ ബാങ്കുകൾക്ക് ഇത് സംബന്ധിച്ച് പരസ്യ ചെലവുകൾ ധാരാളമുണ്ടാകുമെന്നതിനാൽ സമയപരിധി നീട്ടുന്ന തീരുമാനം അടിയന്തിരമായി കൈക്കൊള്ളണമെന്നും ഏത് തരത്തിൽ അത് നടത്തണമെന്ന് വ്യക്തമാക്കണമെന്നും കാണിച്ച് സഹകരണ രജിസ്ട്രാർക്ക് ഇമെയിൽ അയച്ചിട്ടുണ്ടെന്നും ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു.