
ആലപ്പുഴ: കൊവിഡിനെത്തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും ഉണരാതെ ജില്ലയിലെ കായൽ ടൂറിസം മേഖല. സഞ്ചാരികളുടെ വരവ് പഴയ നിലയിലേക്ക് എത്തണമെങ്കിൽ ഇനിയും നാളുകൾ വേണ്ടി വന്നേക്കുമെന്നാണ് ഹൗസ് ബോട്ട് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
മുൻവർഷങ്ങളിൽ ക്രിസ്മസ്-പുതുവത്സര സീസണിൽ ആലപ്പുഴയിലേക്ക് വിദേശികളടക്കം ധാരാളം സഞ്ചാരികൾ എത്തിയിരുന്നതാണ്. നഗരത്തിലെ ചിറപ്പുത്സവം വിദേശികൾ ഉൾപ്പടെയുള്ള സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമായിരുന്നു. എന്നാൽ കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശ സഞ്ചാരികളുടെ വരവ് തീരെ കുറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നുള്ളവരും എത്തുന്നില്ല. നിലവിൽ മലബാർ ഭാഗങ്ങളിൽ നിന്ന് മാത്രമാണ് ആളുകൾ എത്തുന്നത്.
കടുത്ത നിയന്ത്രണങ്ങളും ഹൗസ് ബോട്ട് മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ബോട്ടുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ സർവീസ് നടത്തുവാൻ അനുവാദമുള്ളൂ. 10 പേരിൽ കൂടുതൽ ഒരു ബോട്ടിൽ സഞ്ചരിക്കാൻ പാടില്ല. . ശബരിമല തീർത്ഥാടനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അറിയുന്നതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുളള സഞ്ചാരികളും വരാൻ മടിക്കുകയാണെന്ന് ടൂർ ഒപ്പറേറ്റർമാർ പറയുന്നു. മുൻവർഷങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ശബരിമല തീർത്ഥാടനത്തിനെത്തിയിരുന്നവരിൽ നല്ലൊരു ഭാഗം അമ്പലദർശനത്തിനു ശേഷം ആലപ്പുഴയിലെത്തി ഹൗസ് ബോട്ട് യാത്രയും നടത്തിയാണ് മടങ്ങിയിരുന്നത്.
ഹൗസ് ബോട്ടുടമകൾ മാത്രമല്ല റിസോർട്ട്, ഹോംസ്റ്റേ എന്നിവ നടത്തുന്നവരും കടുത്ത പ്രതിസന്ധിയിലാണ്. ബീച്ച് ഉൾപ്പടെയുള്ള പ്രധാന കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതും ആലപ്പുഴയിലെ ടൂറിസത്തിനു തിരിച്ചടിയായി.
പ്രതീക്ഷ കൈവിടാതെ
ക്രിസ്മസ് അടുക്കുന്നതോടെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹൗസ്‌ബോട്ട് ഉടമകളും ജീവനക്കാരും. സംസ്ഥാനത്ത് ടൂറിസം രംഗത്ത് ഏറ്റവും കൂടുതൽ വരുമാനം നൽകുന്നത് കായൽ ടൂറിസത്തിൽ നിന്നാണ്. ഈ മേഖലയിൽ ജില്ലയിൽ 4100 ജീവനക്കാരാണ് ഉപജീവനം നടത്തുന്നത്. അരലക്ഷത്തിലേറെ പേർ ഇവരെ ആശ്രയിച്ചു ജീവിക്കുന്നു. ഹൗസ് ബോട്ട് വ്യവസായം തളർച്ചയിലായതോടെ തൊഴിലില്ലായ്മയും രൂക്ഷമാണ്. ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ ബോട്ട് ഉടമസ്ഥർ പാടുപെടുന്നു.
4100 : ഹൗസ് ബോട്ട് മേഖലയിൽ ജില്ലയിൽ ജോലി ചെയ്യുന്നവർ
ക്രിസ്മസ് ബുക്കിംഗ് ഇതുവരെ കാര്യമായി അന്വേഷണങ്ങൾ വന്നിട്ടില്ല മുല്ലയ്ക്കൽ ചിറപ്പ്,ബീച്ച് ഫെസ്റ്റിവൽ ,ക്രിസ്മസ് എന്നിവ ആഘോഷിക്കാൻ ധാരാളം വിദേശ ടൂറിസ്റ്റുകൾ മുൻകാലങ്ങളിൽ എത്തിയിരുന്നു. രണ്ട് വർഷത്തോളമായി ഹൗസ് ബോട്ട് മേഖല കടുത്ത പ്രതിസന്ധിയിലാണ്
(വിജയൻ,ഹൗസ് ബോട്ട് ഉടമ)