
നീല,വെള്ള കാർഡുടമകൾക്ക് നവംബർ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് ഇതുവരെ വിതരണം ചെയ്തിട്ടില്ല
ആലപ്പുഴ : കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യകിറ്റ് വിതരണം ക്രിസ്മസ് കാലത്ത് അവതാളത്തിലായതായി പരാതി. സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണമാണ് സംസ്ഥാനം ഒട്ടാകെ ക്രിസ്മസ് കിറ്റ് വിതരണം മുടങ്ങിയത്.
ഡിസംബർ മാസത്തെ കിറ്റ് മൂന്ന് മുതൽ വിതരണം ആരംഭിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. നിലവിൽ റേഷൻ കടകളിൽ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്ക് മാത്രമേ ക്രിസ്മസ് കിറ്റ് വിതരണം പൂർത്തീകരിച്ചിട്ടുള്ളൂ. പിങ്ക് കാർഡ് ഉടമകൾക്ക് പൂർണമായി വിതരണം ചെയ്യുവാനുള്ള കിറ്റുകൾ റേഷൻ കടകളിൽ എത്തിയിട്ടില്ല. നീല,വെള്ള കാർഡുടമകൾക്ക് നവംബർ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് ഇതുവരെ വിതരണം ചെയ്തിട്ടില്ല.
സപ്ലൈകോ വഴിയാണ് വിതരണത്തിനുള്ള കിറ്റ് റേഷൻ കടകളിലെത്തിക്കുന്നത്. ഡിസംബർ അവസാനിക്കുന്നതിനു മുമ്പ് നവംബർ ,ഡിസംബർ മാസങ്ങളിലെ കിറ്റ് വിതരണം പൂർത്തിയാക്കേണ്ടതിനാൽ ഇന്ന് മുതൽ രാത്രി ഷിഫ്റ്റായി പാക്കിംഗ് നടത്തുന്നതിനുള്ള സൗകര്യം ഒാരോ പാക്കിംഗ് കേന്ദ്രത്തിൽ ഏർപ്പെടുത്തണമെന്ന് സപ്ളൈകോ നിർദ്ദേശം നൽകിയിട്ടുണ്ട്. പാക്കിംഗ് കേന്ദ്രങ്ങളിൽ തയ്യാറാക്കിയ കിറ്റുകൾ,റേഷൻ കടകളുടെ പ്രവർത്തന സമയത്തിന് ശേഷവും എത്തിക്കേണ്ട സാഹചര്യമുണ്ടായാൽ വ്യാപാരികൾ അത് ഏറ്റുവാങ്ങുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും. ഡിസംബർ മാസത്തിനു ശേഷവും കിറ്റ് വിതരണം തുടരുന്നതിനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ട് ഡിപ്പോതലത്തിൽ 8000-10000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു ഗോഡൗൺ/ പാക്കിംഗ് കേന്ദ്രവും കേന്ദ്രീകൃതമായ രീതിയിൽ കൂടുതൽ കിറ്റുകൾ തയ്യാറാക്കുന്നതിന് ആവശ്യമായ പാക്കിംഗ് മെഷീനുകളും തയ്യാറാക്കാനുള്ള ആസൂത്രണം സപ്ളൈകോ നടത്തുന്നുണ്ട്.
കിട്ടാത്തവയ്ക്ക് പകരം വേറെ ഇനങ്ങൾ
ഡിസംബർ മാസത്തേയ്ക്കുള്ള കിറ്റിൽ ഉൾപ്പെടേണ്ട മുളകുപൊടി (250ഗ്രാം),വെളിച്ചെണ്ണ,കടല എന്നിവയ്ക്ക് വിവിധ സ്ഥലങ്ങളിൽ ദൗർലഭ്യം നേരിടുന്നുണ്ട്. മുളകുപൊടി പായ്ക്കറ്റിന്റെ ദൗർലഭ്യം നികത്താനാവാത്ത പക്ഷം പകരമായി 250 ഗ്രാം മുളക് കിറ്റിൽ ഉൾപ്പെടുത്തും. വെളിച്ചെണ്ണയ്ക്ക് പകരം സൺഫ്ലവർ ഒായിലും കടലയ്ക്ക് പകരം വൻപയറോ ,തുവര പരിപ്പോ വിതരണം ചെയ്യും.ഉഴുന്നിന് ദൗർലഭ്യമുണ്ടായാൽ 500 ഗ്രാം ഉഴുന്നിന് പകരമായി 500 ഗ്രാം തുവരപരിപ്പ് കിറ്റിൽ ഉൾപ്പെടുത്തും. കേന്ദ്ര കാര്യാലയ ടെണ്ടർ മുഖേനയുള്ള കടല എത്തിച്ചേരുന്നതിന് താമസം നേരിടാൻ സാദ്ധ്യതയുള്ളതിനാൽ അത്യാവശ ഘട്ടങ്ങളിൽ ഡിപ്പോതലത്തിൽ പർച്ചേസ് നടത്തും.
ക്രിസ്മസ് കിറ്റിലെ സാധനങ്ങൾ
കടല........500ഗ്രം
നുറുക്ക് ഗോതമ്പ്..........1 കി.ഗ്രാം
വെളിച്ചെണ്ണ.......1/2 ലിറ്റർ
മുളക്പൊടി.........250ഗ്രാം
ചെറുപയർ......500ഗ്രം
തേയില......250 ഗ്രാം
ഉഴുന്ന് .....500ഗ്രാം
ഖദർ മാസ്ക്......2എണ്ണം
തുണി സഞ്ചി......1 എണ്ണം
ലഭ്യതക്കുറവുള്ളവയ്ക്ക് പകരം
മുളക് പൊടി 250 ഗ്രാം............മുളക് 250 ഗ്രം
കടല 500 ഗ്രാം............തുവര പരിപ്പ് 500ഗ്രാം/തുവരപരിപ്പ് 250ഗ്രം,ഒരു പായ്ക്കറ്റ് ഉപ്പ്
ഉഴുന്ന് 500ഗ്രാം..........തുവര പരിപ്പ് 500ഗ്രാം
'' ഡിസംബർ മാസത്തിനുള്ളിൽ തന്നെ ക്രിസ്മസ് കിറ്റ് വിതരണം പൂർത്തീകരിക്കാനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് മഞ്ഞ,പിങ്ക് കാർഡ് ഉടമകൾക്ക് ക്രിസ്മസ് കിറ്റ് വിതരണം പൂർത്തീകരിച്ചു.
(റസിയ,സംസ്ഥാന റേഷനിംഗ് കൺട്രോളർ)
'' മുളക്പൊടി,വെളിച്ചെണ്ണ,കടല എന്നിവയ്ക്ക് ലഭ്യതക്കുറവ് ഉണ്ടായിരുന്നു. അത് ഉടൻ പരിഹരിക്കും. സംസ്ഥാനത്ത് അതാത് ഡിപ്പോകളിൽ അധിക ഷിഫ്റ്റിൽ പാക്കിംഗിന് ആളുകളെ ക്രമപ്പെടുത്തി ക്രിസമസ് കിറ്റ് വിതരണം ഉടൻ പൂർത്തീകരിക്കും.
(സപ്ലൈകോ റീജിയണൽ ഒാഫീസ് കൊച്ചി)
'' സൗജന്യ ഭക്ഷ്യ കിറ്റ് ഈ മഹാമാരി ഘട്ടത്തിൽ ജനങ്ങൾക്ക് ഏറെ ആശ്വാസം ആയിരുന്നെങ്കിലും ഇപ്പോൾ വിതരണം തടസപ്പെട്ടത് സൽപ്പേരിന് കളങ്കം ഉണ്ടാക്കി.
എൻ.ഷിജീർ,കെ.എസ്.ആർ.ആർ.ഡി.എ ജനറൽ സെക്രട്ടറി