ആലപ്പുഴ: വഴിത്തർക്കത്തെ തുടർന്ന് പൊലീസും ജനങ്ങളും ഏറ്റുമുട്ടിയ രാമങ്കരി മണലാടി മഠത്തിൽപറമ്പ് ലക്ഷം വീട് കോളനിയിൽ ജനജീവിതം ദുരിതത്തിലെന്ന് പരാതിയുമായി സ്ത്രീകൾ രംഗത്ത്. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കോളനിവാസികളായ അഞ്ച് പേർ അറസ്റ്റിലായി. അറസ്റ്റ് ഭയന്ന് പുരുഷൻമാരും സ്ത്രീകളുമടക്കം നിരവധിപ്പേർ ഒളിവിൽപ്പോയി. അച്ഛനമ്മമാരെ കാണാതെ പല കുട്ടികളും അയൽ വീടുകളിൽ അഭയാർത്ഥികളായി കഴിയുന്നു.
വരുമാനം നിലച്ചതോടെ വീടുകളിൽ ആഹാരത്തിനും പോലും മാർഗമില്ലാത്ത സ്ഥിതിയാണെന്ന് സ്ത്രീകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ദിവസവും പ്രദേശത്ത് പൊലീസ് സാന്നിദ്ധ്യമുണ്ട്. ഭയത്തിലായ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പോലും സാധിക്കുന്നില്ല. നടവരമ്പിലെ തെങ്ങുകൾ പൊലീസിന്റെ ഒത്താശയോടെ വസ്തു ഉടമ ഗുണ്ടകളെ ഉപയോഗിച്ച് വെട്ടിനിരത്തിയാതാണന്നും ശബ്ദം കേട്ടെത്തിയ പ്രദേശവാസികളെ പൊലീസ് നിർദാക്ഷിണ്യം മർദ്ദിക്കുകയുമായിരുന്നുവെന്നുമാണ് ഇവർ ആരോപിക്കുന്നത്. വനിത പൊലീസിന്റെ സാന്നിദ്ധ്യം പോലുമില്ലാതെയാണ് സ്ത്രീകളെ അതിക്രമിച്ചതും വീടുകളിൽ കയറി അക്രമം അഴിച്ചുവിട്ടതെന്നും പ്രദേശവാസികളായ സ്ത്രീകൾ പറയുന്നു. വീടുകളിൽ ഇരുന്ന വാഹനങ്ങൾക്ക് കേടുപാട് വരുത്തിയതായും ഇവ എവിടേക്ക് മാറ്റിയെന്ന് തങ്ങൾക്ക് അറിവില്ലെന്നുമാണിവർ പറയുന്നത്.
പൊലീസ് സ്വയം മുറിവ് വരുത്തി കോളനി നിവാസികളെ കൊലപാതക ശ്രമക്കേസിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും, ഈ ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. അഖിലേന്ത്യ മഹിളാ സാംസ്ക്കാരിക സമിതി ജില്ലാ സെക്രട്ടറി കെ.ജെ.ഷീല, ലക്ഷം വീട് കോളനിയിലെ താമസക്കാരായ ഷീജ ഷാനി, ജോർണിയ സുമേഷ്, ബിന്ദു ചാക്കോ, ഷൈനി ഫ്രാൻസിസ്, സുമംഗല ആനന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.