t

ആലപ്പുഴ: യാത്രക്കാരുടെ എണ്ണവും വരുമാനവും ഉയർന്നെങ്കിലും ആവശ്യത്തിന് സർവീസുകൾ നടത്താൻ കെ.എസ്.ആർ.ട‌ി.സി തയ്യാറാകാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. രാത്രികാലത്താണ് ബസ് ക്ഷാമം കൂടുതൽ. എട്ടു മണിക്കുശേഷം ആലപ്പുഴയടക്കമുള്ള ഡിപ്പോകളിൽ എത്തുന്ന യാത്രക്കാർക്ക് ഏറെ നേരം കാത്തു നിന്നാലേ ബസുകൾ കിട്ടുകയുള്ളൂ. മറ്റ് ഡിപ്പോകളിൽ നിന്ന് വരുന്ന ബസുകളിൽ തിരക്ക് കൂടുതലായാൽ അവയിൽ കയറാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

രാത്രി സമയത്ത് ആലപ്പുഴ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ഫാസ്റ്റ് സർവീസുകൾ കുറവാണ്. അന്യ ജില്ലകളിൽ നിന്ന് വരുന്ന സൂപ്പർ ഫാസ്റ്റാണ് മിക്കവാറും ജനത്തിനാശ്രയം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനാവാതെ തിങ്ങി നിറഞ്ഞുനിന്നാണ് പല രാത്രികളിലും ദീർഘദൂര സർവീസുകളുടെ യാത്ര. ജനത്തിരക്ക് വർദ്ധിക്കുകയാണെങ്കിൽ സർവീസുകൾ വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വാദം. മറ്റ് ജില്ലകളിൽ നിന്ന് വരുന്ന ബസുകളെ സമയം ക്രമീകരിച്ച് ഡിപ്പോയിൽ കയറ്റിയാണ് നിലവിൽ പ്രശ്നം പരിഹരിക്കുന്നത്. ഏറ്റവും കൂടുതൽ യാത്രക്കാരെത്തുന്ന തിങ്കളാഴ്ച ദിവസങ്ങളിൽ താരതമ്യേന മികച്ച വരുമാനമാണ് ഡിപ്പോകളിൽ ലഭിക്കുന്നത്. കൊവിഡിന് മുമ്പ് പത്ത് ലക്ഷം രൂപ പ്രതിദിന വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് ഈ ആഴ്ച ഏഴര ലക്ഷമെന്ന നേട്ടത്തിലെത്തി. കഴിഞ്ഞ തിങ്കളാഴ്ച്ച 6.80 ലക്ഷം രൂപയാണ് കളക്ഷൻ ലഭിച്ചത്.

..........................

രാത്രി വൈകിയെത്തിയാൽ ബസ് കിട്ടാൻ വളരെ പ്രയാസമാണ്. തിങ്ങി ഞെരുങ്ങിയാണ് ബസിൽ നിന്ന് യാത്ര ചെയ്യുന്നത്

യാത്രക്കാരൻ

..............................

രാത്രി സമയത്ത് ബസ് ലഭിക്കാതെ യാത്രക്കാർ ബുദ്ധിമുട്ടാൻ അവസരം ഒരുക്കില്ല. കൂടുതൽ യാത്രക്കാരുള്ള പക്ഷം അഡീഷണൽ സർവീസ് നടത്തും. വരും ദിവസങ്ങളിൽ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യും

എ.ടി.ഒ, ആലപ്പുഴ