s

ആഹ്ളാദപ്രകടനത്തിന് നിയന്ത്രണം

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി 18 കേന്ദ്രങ്ങൾ ജില്ലയിൽ സജ്ജമായി. ഇന്ന് രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം വോട്ടെണ്ണലും ആഹ്ളാദ പ്രകടനവുമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

വോട്ടെണ്ണലിനു മുമ്പ് എല്ലാ കേന്ദ്രങ്ങളും അണുവിമുക്തമാക്കും. കൗണ്ടിംഗ് ഓഫീസർമാർ കയ്യുറയും മാസ്‌കും ഫേസ് ഷീൽഡും നിർബന്ധമായും ധരിക്കണം. കൗണ്ടിംഗ് ഹാളിൽ എത്തുമ്പോഴും പുറത്ത് ഇറങ്ങുമ്പോഴും സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. ഇതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കി. വിജയാഹ്‌ളാദ പ്രകടനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം നടത്താൻ. ഒരു സ്ഥാനാർത്ഥി പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

നഗരസഭകളിലും ബ്ലോക്ക് അടിസ്ഥാനത്തിലുമാണ് കൗണ്ടിംഗ്ങ് സെന്ററുകൾ സജ്ജീകരിച്ചിട്ടുള്ളത്. വാർഡ് അടിസ്ഥാനത്തിൽ ഒരു പഞ്ചായത്തിന് നാല് കൗണ്ടിംഗ് ടേബിൾ എന്ന നിലയ്ക്കാണ് ടേബിളുകൾ സജ്ജീകരിക്കുക, ഒന്നിൽ കൂടുതൽ ബൂത്തുകളുള്ള വാർഡുകളുടെ വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെ നടക്കും. ഓരോ ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥിക്കും ഒരു കൗണ്ടിംഗ് ഏജന്റിനെ വീതം നിയമിക്കാം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവർക്ക് അതത് ഡിവിഷനുകളിൽ ഉൾപ്പെടുന്ന ഓരോ ഗ്രാമപഞ്ചായത്തിനും ഓരോ കൗണ്ടിംഗ് ഏജന്റിനെ വീതം നിയമിക്കാം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആൾക്കൂട്ടവും സന്ദർശകരേയും അനുവദിക്കില്ല.

ഇന്ന് മദ്യനിരോധനം

വോട്ടണ്ണൽ ദിവസമായ ഇന്ന് മദ്യശാലകൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല. മദ്യം വിതരണം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയും തുറന്ന് പ്രവർത്തിക്കാനോ മദ്യം വിതരണം ചെയ്യാനോ പാടില്ല.

കനത്ത സുരക്ഷ

വോട്ടണ്ണലുമായി ബന്ധപ്പെട്ട് ജില്ലയിൽ വൻ സുരക്ഷയൊരുക്കി പൊലീസ്. സ്ഥിരം പ്രശ്‌നക്കാരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പൊലീസ് സാന്നിദ്ധ്യം ശക്തമാക്കും.

അഡീഷണൽ എസ്.പി എൻ.രാജന്റെ നേതൃത്വത്തിൽ 12 ഡിവൈ.എസ്.പിമാർ, 45 സി.ഐമാർ, 217 എസ്.ഐ, എ.എസ്.ഐമാർ, 2700 സ്പെഷ്യൽ പൊലീസ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും കൊവിഡ്
പ്രോട്ടോക്കോൾ പാലിക്കാൻ രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു ആവശ്യപ്പെട്ടു. സ്റ്റേഷൻ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തും. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെ സാന്നിദ്ധ്യം എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഉണ്ടാകും. കുട്ടനാട് ഭാഗത്ത് പ്രത്യേക ബോട്ട് പട്രോളിംഗ് ഏർപ്പെടുത്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.