ആലപ്പുഴ : തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പുനരാരംഭിക്കുന്നതിന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന് നിർദ്ദേശം നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
2019 ഫെബ്രുവരിയിൽ ആരംഭിച്ച നിർമ്മാണം പൂർത്തിയാക്കുന്നതിന് 2020 ആഗസ്റ്റ് 15 വരെ സമയം അനുവദിച്ചിരുന്നെങ്കിലും 2020 മാർച്ചിന് ശേഷം യാതൊരു പ്രവർത്തനവും നടത്താൻ കരാറുകാരൻ തയ്യാറായില്ല. കിഫ്ബിയുടെ നിബന്ധനകൾ പ്രകാരമുള്ള നിർമ്മാണ പുരോഗതി ഇല്ലാത്തതിനാൽ നിർവ്വഹണ ഏജൻസി പ്രവൃത്തി പൂർത്തിയാക്കുന്നതിന് നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാരൻ തയ്യാറാകാത്ത സാഹചര്യത്തിൽ നഷ്‌ടോത്തരവാദിത്വത്തോടെ നിർമ്മാണ പ്രവൃത്തിയിൽ നിന്നും കരാറുകാരനെ ഒഴിവാക്കുകയും ബാക്കിയുള്ള ജോലികൾ നിർവ്വഹിക്കുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് ടെണ്ടർ ക്ഷണിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രവൃത്തി ദ്രുതഗതിയിൽ പൂർത്തീകരിക്കുന്നതിന് നിർവ്വഹണ ഏജൻസിയ്ക്ക് നിർദ്ദേശം നൽകിയതായും മന്ത്രി ജി.സുധാകരൻ അറിയിച്ചു.