 
കായംകുളം: കായംകുളം സ്വദേശി സിയാദിനെ കുത്തിക്കൊലപ്പെടുത്തിയതുൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിക്കുന്ന വെറ്റ മുജീബ് എന്ന മുജീബ് റഹ്മാനെ, കാപ്പ നിയമം ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന മുജീബിനെ കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ ജയിലിലെത്തിയാണ് കാപ്പ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ മുമ്പ് ആറുതവണ കാപ്പ പ്രകാരം നടപടിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് 18 നാണ് സിയാദിന്റെ കൊലപാതകം നടന്നത്. ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ പുറപ്പെടുവിച്ച കാപ്പ ഉത്തരവ് പ്രകാരമായിരുന്നു അറസ്റ്റ്. കായംകുളത്ത് ശർക്കര വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും വെറ്റ മുജീബ് പ്രതിയാണ്. സിയാദിനെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മുജീബും കൂട്ടാളികളും കോയിക്കപ്പടിയിലുള്ള റജീഷ് എന്ന യുവാവിനേയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
ജില്ലയിൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾ അമർച്ച ചെയ്യാനുളള നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കൃഷ്ണപുരം സ്വദേശിയായ അമ്പാടി, കാപ്പിൽ മേക്ക് സ്വദേശിയായ അക്ഷയ് ചന്ദ്രൻ, ദേശത്തിനകം സ്വദേശി കാള റിയാസ് എന്നു വിളിക്കുന്ന റിയാസ് എന്നിവരെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാപൊലീസ് മേധാവി പി.എസ്. സാബു പറഞ്ഞു.