
വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ, ആദ്യ സൂചനകൾ അരമണിക്കൂറിനുള്ളിൽ
ആലപ്പുഴ : ഒരാഴ്ചയോളം നീണ്ടു നിന്ന കാത്തിരിപ്പിന് വിരാമമിട്ട്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇന്ന് രാവിലെ എട്ടിന് തുടക്കമാകും. അരമണിക്കൂർ കഴിയുമ്പോൾ തെളിഞ്ഞു തുടങ്ങും ദിവസങ്ങളോളം നേരിട്ടും വളഞ്ഞും തെളിഞ്ഞും നടത്തിയ രാഷ്ട്രീയ ചതുരംഗ പോരാട്ടത്തിന്റെ സൂചനകൾ. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്റ്റിയറിംഗ് ആരുടെ കൈകളിലെത്തുമെന്ന് മദ്ധ്യാഹ്നത്തിന് മുമ്പ് അറിയാം . ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 5462 പേരാണ് മത്സരിച്ചത്.തിരഞ്ഞെടുക്കപ്പെടാൻ യോഗ്യത കിട്ടുക 1569 പേർക്കും.
കൊവിഡ് മഹാമാരിയുടെ ഭീതി വോട്ടിംഗിന്റെ നിറം കെടുത്തുമെന്ന് എല്ലാ മുന്നണികളും കരുതിയെങ്കിലും സർവ്വ പ്രതീക്ഷകളും തെറ്റിച്ചാണ് പോളിംഗ് ബൂത്തിൽ ഭരണഘടനാ അവകാശം രേഖപ്പെടുത്താൻ ജനമെത്തിയത്.
ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലെയും ആറ് നഗരസഭകളിലെയും വോട്ടെണ്ണലിനായി 18 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 150 ഓളം ടേബിളുകളുണ്ടാകും. കായംകുളം, മാവേലിക്കര നഗരസഭ പരിധിയിലുള്ള വാർഡുകളുടെ വോട്ടെണ്ണൽ അതാത് നഗരസഭ ഓഫീസുകളിലും ചെങ്ങന്നൂർ നഗരസഭയിലെ അങ്ങാടിക്കൽ തെക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും, ചേർത്തല നഗരസഭയിൽ ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലും ആലപ്പുഴ നഗരസഭയിലെ വോട്ടെണ്ണൽ ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും ഹരിപ്പാട് നഗരസഭയിലെ വോട്ടെണ്ണൽ ഹരിപ്പാട് ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. നഗരസഭകളിലെ ഫലമാവും ആദ്യം പുറത്തുവരിക.
ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. കൊവിഡ് നിർന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് ഫലം തത്സമയം വിരൽ തുമ്പിലെത്തിക്കാൻ ജില്ലാ ഭരണകൂടം വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.
18 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റ് ആണ്. ജില്ല പഞ്ചായത്തിന്റെ റിട്ടേണിംഗ് ഓഫീസർ ജില്ല കളക്ടർ ആയതിനാൽ കളക്ട്രേറ്റിലായിരിക്കും ജില്ല പഞ്ചായത്തിന്റെ പോസ്റ്റൽ വോട്ടുകളും കൊവിഡ് രോഗികൾക്കുള്ള സ്‌പെഷ്യൽ ബാലറ്റുകളും എണ്ണുക. മറ്റ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എണ്ണുന്ന ജില്ല പഞ്ചായത്ത് ഫലങ്ങൾ ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർമാർ പരിശോധിച്ചതിന് ശേഷം ജില്ല കളക്ടർക്ക് കൈമാറും.