
ചേർത്തല: ആലപ്പുഴയെ ശിശു ശ്രവണ സൗഹൃദ (ഹിയറിംഗ് ഫ്രണ്ട്‌ലി) ജില്ലയായി പ്രഖ്യാപിച്ചു.ശിശു രോഗ വിദഗ്ദ്ധരുടെ സംഘടനയായ ഐ.എ.പിയുടെ ജില്ലാ ഘടകമായ ആലപ്പുഴ അക്കാഡമി ഒഫ് പീഡിയാട്രിക്‌സിന്റെ നേതൃത്വത്തിലാണ് ഇതിനായി പദ്ധതി ഒരുക്കിയത്. ജില്ലയിലെ 28 സർക്കാർ,സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികളെ ആദ്യ ദിവസം കേൾവി പരിശോധയ്ക്ക് വിധേയമാക്കും.ഓട്ടോ അക്യുസ്റ്റിക്ക് എമിഷൻ (ഒ.എ.ഇ) ശ്രവണ സ്‌ക്രീനിംഗ് പരിശോധനയാണ് നടത്തുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേൾവി വൈകല്യം തുടക്കത്തിലെ കണ്ടെത്തുകയാണ് ലക്ഷ്യം.സംസ്ഥാനത്തെ എല്ലാം ജില്ലകളിലും പദ്ധതി നടപ്പിലാക്കും.ശ്രവണ വൈകല്യം സംസാര ശേഷിക്കും ബുദ്ധിപരമായ ന്യൂനതകൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.കുട്ടി ജനിക്കുന്ന ആദ്യ മണിക്കൂറുകളിൽ നടത്തുന്ന പരിശോധനയിലൂടെ കേൾവി വൈകല്യം കണ്ടെത്തിയാൽ തുടർ പരിശോധനയും ഫലപ്രദമായ ചികിത്സയും ലഭ്യമാക്കാനാകുമെന്നും ഭാരവാഹികൾ പറഞ്ഞു. കലക്ടർ എ. അലക്‌സാണ്ടർ പ്രഖ്യാപനം നിർവഹിച്ചു.ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിതാകുമാരി, ആർ.സി.എച്ച് ഓഫീസർ ഡോ.മോഹൻ ദാസ്,പ്രസിഡന്റ് ഡോ.അനിൽ വിൻസെന്റ്,ഡോ.ജോസ്,ഡോ.സംഗീത ജോസഫ് എന്നിവർ പങ്കെടുത്തു.