
ആലപ്പുഴ: സി.പി.എം സീറ്റു നൽകാത്തതിനാൽ ആലപ്പുഴ നഗരസഭ കളർകോട് വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച റിട്ട. എസ്.ഐയെ ബൈക്കുകളിലെത്തിയ എട്ട് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു.
അക്രമത്തിൽ സാരമായി പരിക്കേറ്റ കളർകോട് തൈപ്പറമ്പിൽ ടി.ജി. സുരേഷ് കുമാറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 6.45ന് കണിയാകുളം ജംഗ്ഷന് സമീപമായിരുന്നു സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം പ്രഭാതസവാരിക്ക് ഇറങ്ങിയ സുരേഷ് കുമാറിനെ നാല് ബൈക്കുകളിലായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സുരേഷിനൊപ്പം ഉണ്ടായിരുന്നവർ അക്രമത്തെ ചെറുക്കാൻ ശ്രമിച്ചെങ്കിലും കത്തി വീശി അവരെ വിരട്ടിയോടിച്ചു.
മുഖത്തും നെഞ്ചത്തും സാരമായി പരിക്കേറ്റ സുരേഷ് കുമാർ അവശനായി നിലത്തുവീണതോടെയാണ് അക്രമി സംഘം മടങ്ങിയത്.
ബൈക്കിന്റെ നമ്പർപ്ലേറ്റ് മറച്ച് മാസ്കും ധരിച്ചാണ് അക്രമി സംഘമെത്തിയത്. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ പേരിൽ സി.പി.എം പ്രവർത്തകർ തന്നെ പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായും സുരേഷ് കുമാർ പറയുന്നു.
ഇത് ചൂണ്ടിക്കാട്ടി ആലപ്പുഴ സൗത്ത് പൊലീസിൽ പരാതിയും നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.