കറ്റാനം: കോവിഡ് രോഗിയെ സാമൂഹമാദ്ധ്യമങ്ങളിലൂടെ അധിഷേപിച്ചവർക്കെതിരെ കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. കറ്റാനം സ്വദേശികളായ ശ്രീജിത്ത്, അനന്ദു, നന്ദു എന്നിവർക്കെതിരെയാണ് കറ്റാനം സ്വദേശിയും കായംകുളം സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ടി.രാജൻ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, തി​രഞ്ഞെടുപ്പ് കമ്മി​ഷൻ,ഡി.ജി.പി തുടങ്ങിയവർക്ക് പരാതി നൽകിയത്. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരിയായ രാജന്റെ ഭാര്യ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പോളിംഗ് അസിസ്റ്റന്റായി നൂറനാട് ഇടക്കുന്നം യു.പി സ്കൂളിൽ ജോലി നിർവഹിച്ചിരുന്നു. കഴിഞ്ഞ 11ന് രാജന്റെ ഭാര്യയ്ക്ക് കോവിഡ് പോസിറ്റീവായതി​നെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനായി ആംബുലൻസിൽ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യം മൊബൈൽ കാമറയിൽ പകർത്തി തന്നെയും കുടുംബത്തെയും സമൂഹമാദ്ധ്യമങ്ങൾ വഴി അപമാനിക്കുന്നതായാണ് പരാതി.