a

മാവേലിക്കര: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ മുനിസിപ്പൽ കൗൺസിലിന്റെ പേരിൽ നഗരസഭ കവാടത്തിൽ തി​ടുക്കത്തി​ലൊരു ശിലാഫലക സ്ഥാപനം. 2019 –20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഓഗസ്റ്റിൽ പൂർത്തീകരിച്ച നഗരസഭ ചുറ്റുമതിൽ നവീകരണം, കമാന നിർമാണം പദ്ധതിയുടെ ശിലാഫലകം ഇന്നലെ രാത്രി 7.30 ഓടെ സ്ഥാപി​ച്ചുവെന്നാണ് ആക്ഷേപം. നഗരസഭാ മതിലിന്റെ പ്ലാസ്റ്ററിംഗ് കൊത്തിയിളക്കിയാണ് ഫലകം സ്ഥാപിച്ചത്. 2020 ഓഗസ്റ്റ് 24ന് ചെയർപേഴ്സൺ ലീല അഭിലാഷ് ഉദ്ഘാടനം ചെയ്തതായി സൂചിപ്പിക്കുന്നതാണ് ഫലകം. നവംബർ 11ന് പിരിച്ചു വിടപ്പെട്ട കൗൺസിലിലെ വൈസ് ചെയർമാൻ പി.കെ.മഹേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നവീൻ മാത്യു ഡേവിഡ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ഗോപൻ, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എസ്.രാജേഷ്, സെക്രട്ടറി എസ്.സനിൽ, എൻജിനീയർ പി.ടി.അഞ്ജു എന്നിവരുടെ പേരുകളാണ് ഫലകത്തിലുള്ളത്.