s


ആലപ്പുഴ: ക്രിസ്മസ് - ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇന്നലെ നടത്തിയ വാഹന പരിശോധനയ്ക്കിടെ, ഇരുചക്രവാഹനത്തിൽ കടത്താൻ ശ്രമിച്ച 19കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കണ്ടത്തിൽപറമ്പ് വീട്ടിൽ സജീറിനെ(36) ആണ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ ഒൻപത് മണിയോടെ എരമല്ലൂർ മിഥില ബാറിനു സമീപം വച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടർ എക്സൈസ് സംഘം കൈ കാണിച്ചു നിറുത്തി പരിശോധിച്ചപ്പോൾ , പിന്നിലിരുന്ന സജീറിന്റെ കൈവശം ഉണ്ടായിരുന്ന ചാക്ക് കണ്ടു. ഇതിനുള്ളിലുണ്ടായിരുന്ന പത്ത് പൊതികൾ അഴിച്ചു നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായത്. ഈ സമയം സജീറിന്റെ ഒപ്പം ഉണ്ടായിരുന്ന യുവാവ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് കടക്കുകയായിരുന്നു. പരിശോധനാസംഘം പിൻതുടർന്നെങ്കിലും ഇയാൾ ഇടറോഡിലൂടെ കടന്നു. പാണാവള്ളി സ്വദേശിയായ ഈ യുവാവിനെക്കുറിച്ചുള്ള വിവരം സജീറിൽ നിന്ന് ശേഖരിച്ച് അന്വേഷണം തുട‌രുകയാണ്.

ചേർത്തല ഭാഗത്തെ ഭാഗത്തെ ചെറുകിട കച്ചവടക്കാർക്ക് എത്തിക്കുന്നതിനായിട്ടാണ് കഞ്ചാവുമായി വന്നതെന്ന് സജീർ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇയാൾക്ക് പിന്നിലുള്ള സംഘത്തെക്കുറിച്ച് വിശദമായ അന്വേഷണം എക്സൈസ് നടത്തിവരുന്നു.

പരിശോധനയിൽ ഇൻസ്പെക്ടർ കെ.അജയൻ, പ്രിവന്റീവ് ഓഫീസർമാരായ ടി.എ.പ്രമോദ്, എൻ.പ്രസന്നൻ, എസ്.അക്ബർ, കെ.ജയകൃഷ്ണൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ.പി.അരുൺ, എച്ച്.മുസ്തഫ, വർഗീസ് പയസ്, ജോർജ് പൈവ, വി.പ്രമോദ്, ടി.ഡി.ദീപു, എസ്.ജിനു, ഇ.ഡി.സുരേഷ്, ഡ്രൈവർ കെ.പി.ബിജു എന്നിവർ പങ്കെടുത്തു.