കുട്ടനാട്: കുട്ടനാട്ടിലെ പള്ളാത്തുരുത്തി പണ്ടാരക്കളം പാടശേഖരത്തിലെ പതിനൊന്ന് ഏക്കറിൽ സ്റ്റുഡന്റ് പൊലീസിന്റെയും നന്മ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നിലമൊരുക്കി വിത്തെറിഞ്ഞു. പുതുതലമുറയ്ക്ക് പാരമ്പര്യ കൃഷിരീതികൾ പരിചയപ്പെടുത്തി ജൈവബോധ സംസ്‌ക്കാരവും സംഘടിത കൃഷിയുടെ പ്രാധാന്യവും നേരിട്ട് മനസ്സിലാക്കുന്നതിനാണ് കുട്ടികളെ കർഷകരാക്കി വിതയുത്സവം സംഘടിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി പി എസ് സാബു വിത്തെറിഞ്ഞ് വിതയുത്സവത്തിന് തുടക്കം കുറിച്ചു.
വിതപ്പാട്ടും പണിപ്പാട്ടും നടീൽപ്പാട്ടും കൊയ്ത്തുപാട്ടും വഞ്ചിപ്പാട്ടും വിതയുത്സവത്തിന് മാറ്റുകൂട്ടി. പുന്നപ്ര ജ്യോതികുമാറിന്റെ കൃഷിപ്പാട്ടിനൊപ്പം കുട്ടി പൊലീസ് കൈകൊട്ടി താളമിട്ടു. ചെണ്ടയിൽ സുജിത്തും ഇലത്താളത്തിൽ ബാലകൃഷ്ണനും കൂടി ചേർന്നപ്പോൾ അരങ്ങ് കൊഴുത്തു .ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് ,മൂന്നാർ ഡിവൈ.എസ്.പി എം.രമേശ്കുമാർ ,ബി.സ്മിതതുടങ്ങിയവർ പങ്കെടുത്തു.