കുട്ടനാട്: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണസഭ കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തീർത്ഥാടന വിളംബര സമ്മേളനവും പദയാത്രയും നടത്തും. പുളിങ്കുന്ന് ,കാവാലം ചെറുകര,രാമങ്കരി,നെടുമുടി,പൊങ്ങ,കൈനകരി,കുട്ടമംഗലം,പള്ളാത്തുരുത്തി, പുഞ്ചിരി എന്നീ മേഖലാ കമ്മിറ്റികളുടെ സഹകരണത്തോടെ തീർത്ഥാടന അഷ്ടലക്ഷ്യങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും വിളംബര പദയാത്രകളും സംഘടിപ്പിക്കും. തീർത്ഥാടനത്തിന് തുടക്കം കുറിച്ച ഇലവംതിട്ട മൂലൂർ കേരളവർമ്മ സൗധത്തിന്റെ തിരുമുറ്റത്ത് നിന്നും പുറപ്പെട്ട അഞ്ചുപേരടങ്ങിയ( അഞ്ചുമഞ്ഞക്കിളികൾ) ആദ്യ പദയാത്രാ സംഘത്തെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ നിന്നും പീതാംബരധാരികളായ അഞ്ചുപേർ വീതം അണിനിരക്കുന്ന പദയാത്രനടത്തും. ഗുരുധർമ്മ പ്രചരണസഭ കുട്ടനാട് മണ്ഡലംകമ്മറ്റി പ്രസിഡന്റ് എസ് ഡി രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ചന്ദ്രൻ പുളിങ്കുന്ന്, കേന്ദ്രസമിതിയംഗം ഡി ശിശുപാലൻ ,രവീന്ദ്രൻ പാലേടം, പ്രകാശ് എന്നിവർ സംസാരിച്ചു സെക്രട്ടറി എം.ആർ ഹരിദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് എം. എസ്.ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.