
ആലപ്പുഴ: വീറും വാശിയും നിറഞ്ഞ പോരാട്ടത്തിലൂടെ ആലപ്പുഴ നഗരസഭ ഭരണം തിരിച്ചു പിടിച്ച ആഹ്‌ളാദത്തിലാണ് എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും. വിജയം തങ്ങൾക്കെന്ന ഉറച്ച വിശ്വാസത്തോടെയാണ് രാവിലെ മുതൽ എൽ.ഡി.എഫ് പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രമായ ആലപ്പുഴ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ എത്തിയത്. തുടക്കത്തിൽ തന്നെ തുമ്പോളി ഉൾപ്പെടെയുള്ള കോൺഗ്രസ് ആധിപത്യമുള്ള വാർഡുകളിൽ ലീഡ് ലഭിച്ചതോടെ ഇടത് നേതാക്കൾക്ക് ആവേശമായി. ഒന്നു മുതൽ എട്ടുവരെയുള്ള വാർഡുകളിലെ വോട്ടെണ്ണിയതോടെ ലീഡ് എൽ.ഡി.എഫിനാണെന്ന് വിവരം അറിഞ്ഞ് കൂടുതൽ പ്രവർത്തകർ ചെങ്കൊടിയുമായി നഗരത്തിലേക്ക് ഒഴുകി.
ചുവന്ന മുണ്ടും വെള്ള ടീഷർട്ടും ചിഹ്നം പതിച്ച മാസ്കും തൊപ്പിയും അണിഞ്ഞാണ് പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള വരവ്. ഈ സമയം യു.ഡി.എഫ് പ്രവർത്തകർ സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിന് വടക്ക് ഭാഗത്ത് നിസംഗതയിലായിരുന്നു. തങ്ങൾക്ക് കൂടുതൽ സീറ്റ് ലഭിക്കുമെന്ന വിശ്വാസത്തിൽ ബി.ജെ.പി, പി.ഡി.പി, എസ്.ഡി.പി. ഐ പ്രവർത്തകരും ആവേശത്തിൽ റോഡിൽ കൊടി വീശി നിന്നു. എട്ടരയോടെ ജില്ലാ പൊലീസ് മേധാവി എത്തി. ബാരിക്കേഡിന് പുറത്തേക്ക് പ്രവർത്തകരെ മാറ്റി നിർത്താൻ സി.ഐമാരോട് നിർദേശിച്ചു. പൊലീസ് പ്രവർത്തകരെ മാറ്റിയെങ്കിലും ഓരോവാർഡിലെയും ഫലം പുറത്തു വരാൻ തുടങ്ങിയതോടെ കൊവിഡ് മാനദണ്ഡം ലംഘിച്ച് പ്രവർത്തകർ പ്രധാനകവാടത്തിന് മുന്നിൽ എത്തി.
25വാർഡുകളിൽ ഇടത് മുന്നണി വ്യക്തമായ ആധിപത്യം ഉറപ്പിച്ചതോടെ പ്രവർത്തകർ ആവേശഭരിതരായി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി. ചെണ്ടമേളത്തിന്റെ താളത്തിൽ കൊടി വീശി ആഹ്‌ളാദം പ്രകടിപ്പിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥാനാർത്ഥികൾ നടപടിക്രമങ്ങൾ പൂത്തിയാക്കി പുറത്ത് ഇറങ്ങിയപ്പോൾ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. പിന്നീട് തുറന്ന വാഹനത്തിലും കാൽനടയായും വാർഡുകളിലേക്ക് നീങ്ങി. എൽ.ഡി.എഫ്, ബി.ജെ.പി, പി.ഡി.പി പ്രവർത്തകർ അടുത്തടുത്ത് നിന്ന് കൊടിവീശിയതോടെ ഡിവൈ എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പ്രവർത്തകരെ നിശ്ചിത അകലത്തിലാക്കി നിർത്തി.