
ആലപ്പുഴ: മന്ത്രി ജി.സുധാകരന്റെ പിഴവില്ലാത്ത ആസൂത്രണം, മന്ത്രിമാരായ തോമസ് ഐസക്കിന്റെയും പി.തിലോത്തമന്റെയും സാന്നിദ്ധ്യം- ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇടതുപക്ഷത്തിന് ഇരച്ചുകയറാൻ ഇതൊക്കെത്തന്നെ ധാരാളമായിരുന്നു. തരംഗം സൃഷ്ടിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന യു.ഡി.എഫ്, കോൺഗ്രസ് നേതൃത്വങ്ങൾ ചുവപ്പിന്റെ തിളക്കത്തിൽ വല്ലാതെ തളർന്നുപോയി.
കൈവശമുണ്ടായിരുന്ന ആലപ്പുഴ, ചേർത്തല നഗരസഭകൾ കൈവിട്ടു, ഹരിപ്പാട്ട് ആരുടെയെങ്കിലും പിന്തുണയില്ലാതെ ഭരിക്കാനുമാവില്ല. ജില്ലാ പഞ്ചായത്തിലെ സീറ്റുകളുടെ എണ്ണം ആറിൽ നിന്ന് രണ്ടായി കുറഞ്ഞു. ബ്ളോക്ക് പഞ്ചായത്തുകൾ രണ്ടിൽ നിന്ന് ഒന്നായി. ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 23 ൽ നിന്ന് 20 ആയി. സ്ഥാനാർത്ഥി നിർണ്ണയ ചർച്ച കഴിഞ്ഞ് അര ഡസനോളം നേതാക്കൾ കൊവിഡ് മൂലം ക്വാറന്റൈനിൽ പോയതോടെ തുടങ്ങിയ കാലക്കേടാണ് ഫലപ്രഖ്യാപനത്തോടെ കടുപ്പത്തിലായത്.
കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച മാവേലിക്കരയിൽ ഇക്കുറി ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. മൂന്ന് മുന്നണികളും ഒമ്പത് സീറ്റുകളിൽ വീതം ജയിച്ചു. സി.പി.എം വിമതനാണ് ജയിച്ച മറ്റൊരാൾ. ഇവിടെ എൽ.ഡി.എഫിന്റെ സീറ്റുകൾ 13ൽ നിന്ന് ഒമ്പതായി കുറഞ്ഞു. യു.ഡി.എഫിന്റെ ആറു സീറ്റുകൾ ഒമ്പതായി വർദ്ധിക്കുകയും ചെയ്തു. പുറമേയുള്ള കൈത്താങ്ങില്ലാതെ ആർക്കും ഭരിക്കാനാവില്ലെന്നുറപ്പ്. ജില്ലയിൽ നാലു നഗരസഭകൾ ഭരിച്ചിരുന്ന യു.ഡി.എഫിന് ചെങ്ങന്നൂർ മാത്രമാണ് ആകെ ആശ്വാസം പകരുന്നത്.
ഹരിപ്പാട് നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതിയായി.യു.ഡി.എഫിന്റെ സീറ്റുകൾ 22ൽ നിന്ന് 14 ആയപ്പോൾ, എൽ.ഡി.എഫിന്റേത് അഞ്ചിൽ നിന്ന് 10ൽ എത്തി. ഒരു സീറ്റു മാത്രമുണ്ടായിരുന്ന എൻ.ഡി.എ അഞ്ച് സീറ്റുകൾ നേടി നില മെച്ചമാക്കി. ആകെ 29 സീറ്റാണുള്ളത്. ചെന്നിത്തല ഡിവിഷനിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞ എൻ.ഡി.എ 10 ഡിവിഷനുകളിൽ 10,000 ത്തിലധികം വോട്ടുകൾ നേടി മികച്ച പ്രകടനം നടത്തി.പക്ഷെ ഒരു ഡിവിഷനിലും വിജയത്തിലെത്താനായില്ല. എന്നാൽ രണ്ട് ഗ്രാമപഞ്ചായത്തുകളിൽ അധികാരം പിടിക്കാൻ കഴിഞ്ഞത് നേട്ടമായി.
 തുടക്കത്തിലേ തിളക്കം
യുവാക്കളെയും പുതുമുഖങ്ങളെയും ഒരു ലോപവുമില്ലാതെ മത്സരത്തിനിറക്കാൻ കഴിഞ്ഞത് ഇടത് വിജയത്തിന് ആണിക്കല്ലായി. ജില്ലാ പഞ്ചായത്തിൽ പകുതിയോളം വാർഡുകളിൽ ആയിരത്തിന് മുകളിലാണ് ഇടതു സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം. സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായ മുൻതൂക്കവും ഔചിത്യവും വിജയത്തെ സഹായിച്ച മറ്റു ഘടകങ്ങളായി. ആലപ്പുഴ നഗരസഭയിൽ എസ്.ഡി.പി.ഐ അക്കൗണ്ട് തുറന്നതും മുസ്ലീം ലീഗിന് പ്രാതിനിദ്ധ്യം ഇല്ലാതെ പോവുന്നതും ഇതാദ്യം. പി.ഡി.പി പ്രാതിനിദ്ധ്യം രണ്ടിൽ നിന്ന് ഒന്നായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് കൈവിട്ട ചില പഞ്ചായത്തുകൾ തിരികെ പിടിക്കാൻ കഴിഞ്ഞതും എൽ.ഡി.എഫിനു നേട്ടമായി.