
ആലപ്പുഴ: ആര്യാട് പഞ്ചായത്ത് ചിറ്റേഴത്ത് വെളിയിൽ വീട്ടിൽ വിജയാഘോഷത്തിന് ഇരട്ടിമധുരം. യു.ഡി.എഫ് പാനലിൽ മത്സരിച്ച ചേട്ടൻ അജികുമാർ ചിറ്റേഴത്ത് ചാരംപറമ്പ് ബ്ലോക്ക് ഡിവിഷനിലേക്ക് 43 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ, അതേ പാനലിൽ ആര്യാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ 109 വോട്ടിന് അനിയൻ എം. അനിൽകുമാറും വിജയിച്ചു.
ചിറ്റേഴത്ത് മണിയൻ - മണിയമ്മ ദമ്പതികളുടെ മക്കളായ ഇരുവരും കെ.എസ്.യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. കഴിഞ്ഞ ഭരണസമിതിയിൽ ആറാം വാർഡിൽ മെമ്പറായിരുന്നു അജികുമാർ. 2010ൽ 23 വോട്ടിന് ഇതേ വാർഡിൽ പരാജയപ്പെട്ട അനിൽകുമാർ കള്ളവോട്ട് ആരോപിച്ച് കോടതിയിൽ കേസിന് പോയിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചില്ല. കുടുംബത്തിൽ നിന്ന് രണ്ട് മെമ്പർമാരെ ലഭിച്ച സന്തോഷത്തിലാണ് അമ്മ മണിയമ്മ. അജികുമാറിന്റെ ഭാര്യ: ഷീബ മക്കൾ: അരുൺ, അഖിൽ. അനിൽകുമാറിന്റെ ഭാര്യ: രാജി. മക്കൾ: അതുല്യ, ഐശ്വര്യ.