തെക്കേക്കരയിൽ എൽ.ഡി. എഫ് വീണ്ടും
തെക്കേക്കര പഞ്ചായത്തിലെ 19 അംഗ ഭരണസമിതിയിൽ 14 സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരം നിലനിറുത്തി. കഴിഞ്ഞ തവണ 13 സീറ്റുകൾ നേടിയ എൽ.ഡി.എഫ് യു.ഡി.എഫിന്റെ ഒരു സീറ്റ് കൂടി പിടിച്ചെടുത്താണ് ശക്തി തെളിയിച്ചത്. കഴിഞ്ഞ തവണ 6 സീറ്റുകളിൽ വിജയിച്ച യു.ഡി.എഫിന് ഇക്കുറി 2 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അതേ സമയം തെക്കേക്കര പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി 2 സീറ്റുകളിൽ വിജയിച്ചു. ഒരു സീറ്റിൽ യു.ഡി.എഫ് വിമതനാണ് വിജയിച്ചത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ ഔദ്യോഗിക സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. എൽ.ഡി.എഫാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. എൽ.ഡി.എഫിന്റെ 14 സീറ്റുകളിൽ സി.പി.എം 12 സീറ്റും സി.പി.ഐ 2 സീറ്റും നേടി. ഒന്ന്, ഒമ്പത് വാർഡുകളാണ് യു.ഡി.എഫ് ജയിച്ചത്. 7, 18 വാർഡുകളിലാണ് ബി.ജെ.പി വിജയിച്ചത്.15ാം വാർഡിൽ യു.ഡി.എഫ് വിമതനാണ് വിജയിച്ചത്. 2, 3, 4, 5, 6, 8, 10, 11, 12, 13, 14, 16, 17, 19 വാർഡുകളാണ് എൽ.ഡി.എഫ് വിജയിച്ചത്.
വ്യക്തതയില്ലാതെ തഴക്കര
തഴക്കര പഞ്ചായത്തിലെ 21 അംഗ ഭരണസമിതിയിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല. 11 സീറ്റുകൾ ഉണ്ടായിരുന്ന ഭരണകക്ഷിയായ എൽ.ഡി.എഫ് 8 സീറ്റുകളാണ് നേടിയത്. 3 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 7 സീറ്റിൽ വിജയിച്ചു. ബി.ജെ.പി സ്വതന്ത്ര ഒരു സീറ്റിലും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 7 സീറ്റുകൾ നേടി മുഖ്യപ്രതിപക്ഷമായിരുന്ന യു.ഡി.എഫിന് ഇത്തവണ 4 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. എൽ.ഡി.എഫിനും യു.ഡി.എഫിനും മൂന്ന് സീറ്റുകൾ വീതം നഷ്ടപ്പെട്ടപ്പോൾ ബി.ജി.പി 4 സീറ്റുകൾ അധികം നേടി.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സി.പി.എം ജില്ലാ കമ്മറ്റി അംഗം മുരളീ തഴക്കര പരാജയപ്പെട്ടു. ഇവിടെ സി.പി.ഐ അംഗമായിരുന്ന സിറ്റിംഗ് മെമ്പർ ഷീബാ സതീഷാണ് വിജയിച്ചത്. ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇവരുടെ നിലപാട് പഞ്ചായത്ത് ഭരണത്തെ സ്വാധിനിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. 3, 4, 5, 7, 11, 13, 14, 17 വാർഡുകളാണ് എൽ.ഡി.എഫ് വിജയിച്ചത്. രണ്ട്, ആറ്, എട്ട്, പതിനഞ്ച് വാർഡുകളിലാണ് യു.ഡി.എഫ് ജയിച്ചത്. ഒന്ന്, ഒമ്പത്, പത്ത്, പതിനാറ്, പത്തോൻപത്, ഇരുപത്, ഇരുപത്തൊന്ന് വാർഡുകളാണ് ബി.ജെ.പി വിജയിച്ചത്. 12ാം വാർഡിൽ ബി.ജെ.പി വാർഡ് അംഗം സുനിൽ രാമനല്ലൂരിന്റെ ഭാര്യ രമ്യ സുനിലാണ് സ്വതന്ത്രയായി വിജയിച്ചത്. പതിനെട്ടാം വാർഡിലാണ് ഷീബാ സതീഷ് സ്വതന്ത്രയായി വിജയിച്ചത്.
ചെട്ടികുളങ്ങര എൽ.ഡി. എഫ് തന്നെ
ചെട്ടികുളങ്ങര പഞ്ചായത്തിലെ 21 അംഗ ഭരണസമിതിയിൽ 13 സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരം നിലനിറുത്തി. തിരഞ്ഞെടുപ്പിന്റെ തലേദിവസം ഏഴാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മരിച്ചതിനെത്തുടർന്ന് ഇവിടുത്തെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. കഴിഞ്ഞ തവണ 12 സീറ്റുകൾ നേടിയ എൽ.ഡി.എഫ് യു.ഡി.എഫിന്റെ ഒരു സീറ്റ് കൂടി പിടിച്ചെടുത്താണ് ശക്തി തെളിയിച്ചത്. കഴിഞ്ഞ തവണ 6 സീറ്റുകളിൽ വിജയിച്ച യു.ഡി.എഫിന് ഇക്കുറി ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. അതേ സമയം മൂന്ന് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബി.ജെ.പി യു.ഡി.എഫിന്റെ 3 സീറ്റുകൾ കൂടി പിടിച്ചെടുത്ത് ആറ് സീറ്റുകളിൽ വിജയിച്ച് മുഖ്യപ്രതിപക്ഷമായി. ഒന്നാം വാർഡ് മാത്രമാണ് യു.ഡി.എഫിന് നേടാനായത്. 2, 4, 8, 9, 10, 11, 12, 13, 14, 18, 19, 20, 21 വാർഡുകളാണ് എൽ.ഡി.എഫ് വിജയിച്ചത്. 3, 5, 6, 15, 16, 17 വാർഡുകളിലാണ് ബി.ജെ.പി വിജയിച്ചത്.