s

ആലപ്പുഴ: ആലപ്പുഴയിലുൾപ്പെടെ കേരളത്തിലെമ്പാടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സൂര്യനെപ്പോലെ കത്തിജ്വലിച്ചു നിൽക്കുകയാണെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

അത്യന്തം ആവേശകരമായ വിജയമാണ് പ്രതിപക്ഷങ്ങളുടെ ശത്രുതാപരമായ വിമർശനങ്ങൾക്കിടയിലും ഇടതു മുന്നണി നേടിയെടുത്തത്. വോട്ട് ചെയ്തവർക്ക് നന്ദി പറയുന്നു.

വികസനം എന്ന മഹാമന്ത്രം ഉരുവിട്ടാണ് ഇടതുപക്ഷം ഈ വിജയം നേടിയത്. വാക്കിൽ മാത്രമല്ല, നോക്കിലും അനുഭവത്തിലും ജനങ്ങൾ വികസനം അറിയുന്നു. നാളത്തെ തലമുറയ്ക്ക് കൂടി വികസനം പ്രയോജന പ്രദമാകുന്നു. ഈ സമീപനം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് സംസ്ഥാനത്തെയും ആലപ്പുഴ ജില്ലയിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ.

1991ലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ 36 ഡിവിഷനുകളിൽ 33 എണ്ണത്തിലും ഇടതുമുന്നണി ജയിച്ചിരുന്നു. തുടർന്നുണ്ടായ ഏറ്റവും വലിയ വിജയമാണ് ഇത്തവണ ആലപ്പുഴയിൽ ഉണ്ടായത്. ജില്ലാ പഞ്ചായത്തിലേക്കുള്ള 23ൽ 21 സീറ്റുകൾ എൽ.ഡി.എഫ് നേടി. നിലവിലുണ്ടായിരുന്ന 8 ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥാനത്ത് ഇപ്പോൾ 11 ആയി. ആലപ്പുഴ, ചേർത്തല നഗരസഭകൾ എൽ.ഡി.എഫ് തിരിച്ചു പിടിച്ചു. കായംകുളം നിലനിറുത്തി. ഹരിപ്പാട് നഗരസഭയിൽ കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമായിരുന്നത് 10 ആയി. ചില ഗ്രാമപഞ്ചായത്തുകൾ നഷ്ടപ്പെട്ടപ്പോൾ രണ്ട് ഡസനിലേറെ പഞ്ചായത്തുകൾ യു.ഡി.എഫിൽ നിന്നു തിരിച്ചു പിടിച്ചു. പുറക്കാട്, കരുവാറ്റ, ആറാട്ടുപുഴ, ചേപ്പാട്, പള്ളിപ്പാട്, തലവടി, ചമ്പക്കുളം തുടങ്ങിയവ ഉദാഹരണങ്ങളാണ്. വോട്ടിംഗ് ശതമാനം ജില്ലയിൽ എൽ.ഡി.എഫിന് 50നു മുകളിൽ വരും.

അമ്പലപ്പുഴയിൽ 2005ന്‌ ശേഷം സമ്പൂർണ്ണ വിജയമുണ്ടായി. 5 പഞ്ചായത്തിലും ബ്ലോക്കിലും നഗരസഭയിലും ഇടതുപക്ഷം അധികാരത്തിലേറി. 10 വർഷത്തിനു ശേഷം അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ തിരിച്ചു പിടിച്ചു. പുന്നപ്ര ഡിവിഷൻ നിലനിറുത്തി. ബ്ലോക്ക് പഞ്ചായത്തിൽ 13 ൽ 12 ലും ജയിച്ചു. പൊതുമരാമത്ത് വകുപ്പ്‌ കേരളത്തിലെമ്പാടും നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങൾ ഹൃദയപൂർവ്വം സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു.