ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫ് കൂപ്പുകുത്തിയപ്പോൾ വീണതിലേറെയും വൻമരങ്ങൾ. നഗരസഭ മുൻ അദ്ധ്യക്ഷൻ തോമസ് ജോസഫ്, ചെയർപേഴ്സൺ സി. ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായിരുന്ന മോളി ജേക്കബ്, ഷോളി സി.എസ്, ബഷീർ കോയാപറമ്പിൽ, മുതിർന്ന നേതാക്കളായ സുനിൽ ജോർജ്, ആർ.ബേബി, യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ബി.നൗഫൽ എന്നിവർ പരാജയപ്പെട്ടപ്പോൾ, നേട്ടത്തിനിടയിലും സി.പി.എമ്മിനു ക്ഷീണമായി ആലപ്പുഴ ഏരിയാ കമ്മിറ്റി സെക്രട്ടറി ഡി.വിജയകുമാർ തോറ്റു.
ഭരണം നിലനിറുത്താൻ സാധിച്ചാൽ അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന യു.ഡി.എഫിന്റെ പ്രമുഖ വനിതാ സ്ഥാനാർത്ഥികളെല്ലാവരും തോൽവിയുടെ കയ്പ്പുനീരറിഞ്ഞു. കഴിഞ്ഞ ഭരണ സമിതിയുടെ ആദ്യ പകുതിയിൽ ചെയർമാനായിരുന്ന തോമസ് ജോസഫ് കൊറ്റംകുളങ്ങര വാർഡിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി സ്ഥാനാർത്ഥിയും പുതുമുഖവുമായ മനു ഉപേന്ദ്രനാണ് ഇവിടെ വിജയിച്ചത്. അതേസമയം സ്ഥാനതർക്കത്തെ തുടർന്ന് യു.ഡി.എഫിൽ നിന്ന് രാജിവെച്ച ബി.മെബഹൂബ് മികച്ച വിജയം സ്വന്തമാക്കി. വൈസ് ചെയർപേഴ്സണായിരുന്ന സി.ജ്യോതിമോൾ തിരുവമ്പാടിയിൽ രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരാരായിരുന്ന മോളി ജേക്കബ് ബീച്ച് വാർഡിലും, ഷോളി സി.എസ് പള്ളാത്തുരുത്തിയിലുമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മുതിർന്ന വനിതാ നേതാവായ ആർ.ബേബി തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പരാജയപ്പെടുന്നത്. എ.എൻ പുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയോടാണ് ആർ.ബേബി പരാജയപ്പെട്ടത്. ജനറൽ സീറ്റിൽ മത്സരിച്ചതിനെ തുടർന്ന് വിമത ശല്യമുണ്ടായ വലിയമരം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സീനത്ത് നാസറും പരാജയപ്പെട്ടു.
ഭരണം ലഭിച്ചാൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുസ്ലീം ലീഗിന്റെ എ.എം.നൗഫൽ സക്കറിയാ ബസാറിലാണ് മത്സരിച്ച് പിന്തള്ളപ്പെട്ടത്. വൻ മുന്നേറ്റത്തിനിടയിലും സി.പി.എമ്മിന് ക്ഷീണമായത് മുതിർന്ന നേതാവ് ഡി.വിജയകുമാറിന്റെ തോൽവിയാണ്. ശക്തമായ വിമത ശല്യമാണ് കളർകോട് വാർഡിൽ എൽ.ഡി.എഫ് നേരിട്ടത്. ബി.ജെ.പി വിജയിച്ച വാർഡിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് ചുരുങ്ങി. വോട്ടെണ്ണലിന്റെ തലേന്ന് വിമത സ്ഥാനാർത്ഥിയെ മർദ്ദിച്ചത് സി.പി.എം ഗുണ്ടകളാണെന്ന ആരോപണവും ഉയർന്നിരുന്നു. ഇവിടെ 232 വോട്ടുകളാണ് വിമതൻ നേടിയത്.
 പരാതികൾ വ്യാപകം
പല വാർഡുകളിലും സ്ഥാനാർത്ഥികളെ സഹായിക്കുന്നതിൽ യു.ഡി.എഫ് ജില്ലാ നേതൃത്വം പരാജയമായിരുന്നു എന്ന ആരോപണം ശക്തമാണ്. സ്ഥാനാർത്ഥി നിർണയത്തിന് ശേഷം നേതാക്കളാരും വാർഡിലേക്ക് തിരിഞ്ഞുപോലും നോക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് പലരും പരാതി ഉന്നയിക്കുന്നു. കെട്ടുറപ്പിന്റെയും ചിട്ടയായ പ്രവർത്തനങ്ങളുടെയും പോരായ്മയുമാണ് പരാജയം ക്ഷണിച്ചു വരുത്തിയതെന്ന് ആരോപണമുണ്ട്.