
'ഉണ്ടിരുന്നയാൾക്ക് ഒരു വിളി തോന്നി ' എന്ന ചൊല്ല് ഏറെ പഴക്കമുള്ളതാണ്. പക്ഷെ അതിന്റെ ഇഫക്റ്റ് എന്താണെന്ന് ശരിക്കും ബോദ്ധ്യമായത് ആലപ്പുഴ ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾക്കും ജില്ലാ നേതൃത്വത്തിനുമാണ്. കളത്തിലിറങ്ങി , ജനങ്ങളെ കണ്ട് , ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സംഘടനാ പ്രവർത്തനം നടത്തുന്നതായിരുന്നു മുമ്പുണ്ടായിരുന്ന രീതി. പക്ഷെ അക്കാലമൊക്കെ മാറുകയാണ്. മൊബൈൽ, വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ അത്യാധുനിക കുന്ത്രാണ്ടങ്ങൾ വന്നതോടെ എല്ലാ പ്രവർത്തനങ്ങളും അവയിലൂടെ മതിയെന്ന രീതിയെത്തി. അങ്ങനെയാവുമ്പോൾ വെയിലു കൊള്ളേണ്ട, മഴ നനയേണ്ട, വിയർക്കേണ്ട, ഇപ്പോഴാണെങ്കിൽ കൊവിഡ് പിടിപെടുമെന്ന ആശങ്കയും വേണ്ട. പക്ഷെ കാലക്കേട് പിടിച്ചവൻ തല മൊട്ടയടിക്കുമ്പോൾ കല്ലുമഴ പെയ്യുമെന്ന പോലെയാവും ചിലപ്പോൾ കാര്യങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പും സ്ഥാനാർത്ഥി നിർണയവുമൊക്കെയായി ബന്ധപ്പെട്ട് അത്യാവേശം കയറിയ, തികഞ്ഞ ഗാന്ധിഭക്തരായ രണ്ട് കോൺഗ്രസ് നേതാക്കളുടെ അസ്ഥാനത്തുള്ള ഫോൺവിളിയാണ് ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലകളിൽ തിരഞ്ഞെടുപ്പ് കാലത്ത് വൻ ചർച്ചയായത്. വൈദ്യുതി പ്രവഹിക്കുന്ന വേഗത്തിലാണ് വാട്സ് ആപ്പുകളിൽ ഈ ഫോൺ വിളികളുടെ ശബ്ദരേഖ പാറി നടന്നത്. അതിൽ ഒരു നേതാവിന്റെ വിളി അല്പം കടന്നുപോയി. അദ്ദേഹത്തിനെതിരെ ശക്തമായ നടപടി വരുമെന്നാണ് അറിയുന്നത്. പാർട്ടി കോൺഗ്രസായതിനാൽ 'നടപടി ശക്തി' നമുക്ക് ഊഹിക്കാമല്ലോ.പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോൾ പാർട്ടിക്ക് പുറത്താക്കുകയും നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ തിരിച്ച് പാർട്ടിക്ക് അകത്താക്കുകയുമാണ് നടപടിയുടെ ശക്തി.
വോട്ടൊന്നു മറിക്കണം
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഒരു സ്ഥാനാർത്ഥി കെ.പി.സി.സി നേതാവാണ്. അദ്ദേഹം ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാർത്ഥിയാവുമ്പോൾ, താൻ ബ്ളോക്ക് പഞ്ചായത്തിലെങ്കിലും സ്ഥാനാർത്ഥിയാവുമെന്ന് ഡി.സി.സി അംഗമായ നേതാവ് പ്രതീക്ഷിച്ചാൽ കുറ്റം പറയാനാവില്ല. അങ്ങനെ വെറുതെ മോഹിച്ചു പോയി പാവം നേതാവ്. 14 ഖദർ മുണ്ടും തയാറാക്കി 14 ഷർട്ടും തയ്പ്പിച്ച് , പ്രത്യേക പശയിൽ മുക്കി വടിവാൾ പോലെ തേപ്പിച്ച് റെഡിയാക്കി വച്ചു. വോട്ടു പിടിക്കാൻ ഇറങ്ങുമ്പോൾ, വെറും ചിരി മാത്രം പോരല്ലോ, ഒരു ഗുമ്മൊക്കെ വേണ്ടേ. മരണവീട്ടിൽ കാണുമ്പോൾ പോലും പരിസരം മറന്ന് നേതാവ് നാട്ടുകാരോട് ചിരിക്കാൻ തുടങ്ങിയപ്പോൾ അല്പം പന്തികേട് തോന്നിയെങ്കിലും നേതാവിന്റെ ദീർഘദൃഷ്ടി നാട്ടുകാർക്ക് ആദ്യം പിടികിട്ടിയുമില്ല. അങ്ങനെ സ്ഥാനാർത്ഥി പട്ടിക വന്നു, മണ്ണുംചാരി ഇരുന്നവൻ പെണ്ണും കൊണ്ടു പോയി എന്നപോലെയായി കാര്യങ്ങൾ. മറ്റൊരു നേതാവ് ബ്ളോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയായി. അതിന്റെ പിന്നിൽ കെ.പി.സി.സി ക്കാരനാണെന്ന് തിരിച്ചറിയാൻ നമ്മുടെ കഥാനായകന് പാഴൂർപടിക്കൽ പോകേണ്ടല്ലോ. പിന്നെ അമാന്തിച്ചില്ല. പകരം ചെയ്യാൻ ഉറച്ചു. കെ.പി.സി.സി ക്കാരന് വോട്ടു ചെയ്യാൻ സാദ്ധ്യതയുള്ള തന്റെ ചില അടുപ്പക്കാരെ വിളിച്ച് വോട്ടു ചെയ്യരുതെന്ന് പച്ചയ്ക്ക് അങ്ങു പറഞ്ഞു. ചങ്കുപൊട്ടി നടക്കുന്ന നേതാവിന് അരിശം തീർക്കാൻ ഇതല്ലാതെ മറ്റു മാർഗ്ഗമില്ലല്ലോ. രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്റെ മൊബൈലിൽ , തന്റെ വാട്സ് ആപ്പിൽ , താൻ വോട്ടുമറിക്കാൻ നടത്തിയ അഭ്യർത്ഥന കേട്ടപ്പോഴാണ് നേതാവ് ഞെട്ടിയത്. തന്റെ വിളി റെക്കോർഡ് ചെയ്ത് കഴിയുന്നത്ര വേഗത്തിൽ പ്രചരിപ്പിക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും നിനച്ചില്ല. അതോടെ ആകെ ചർച്ചയും ബഹളവുമായി. ഇപ്പോൾ പാർട്ടി ജില്ലാ നേതൃത്വം ഫോൺവിളി വീരനെതിരെ വാളോങ്ങി നിൽക്കുകയാണ് . തെളിവെടുപ്പ് തുടങ്ങി. 'ബലത്ത' തെളിവു കിട്ടിയാൽ കർശന നടപടി. 'തദ്ദേശത്തിൽ പുറത്താക്കി, നിയമസഭയ്ക്ക് അകത്താക്കുന്ന' ശക്തമായ നടപടിയെ പേടിച്ച് വിറച്ചിരിക്കുകയാണ് നമ്മുടെ ഫോൺവിളി നേതാവ്.
പാർട്ടിക്ക് ഗുണം ചെയ്യാൻ
വിളിച്ചതും വിനയായി
ഇത് മറ്റൊരു നേതാവ്. ഗ്രാമപ്പഞ്ചായത്തിൽ ഒരു സ്ഥാനാർത്ഥിത്വം എന്ന മിതമായ ആഗ്രഹം മാത്രമെ നിസ്വാർത്ഥനായ അദ്ദേഹം മനസിൽ വച്ചിരുന്നുള്ളൂ. പക്ഷേ ചില തത്പര കക്ഷികൾ കോൺഗ്രസിൽ പറഞ്ഞു കേട്ടിട്ടില്ലാത്ത ഗ്രൂപ്പിന്റെ പേരിൽ അദ്ദേഹത്തിന് പാരവച്ചു. അദ്ദേഹം മോഹിച്ച വാർഡിൽ കഴിഞ്ഞ തവണ ജയിച്ച വനിതയ്ക്ക് തൊട്ടടുത്ത വാർഡിൽ ഇക്കുറിയും സീറ്റ് കൊടുക്കാൻ ചിലർ നീക്കവും തുടങ്ങി. ആ വാർഡിൽ ഈ വനിത ജയിക്കില്ലെന്ന് അവിടുത്തെ പ്രാദേശിക നേതാക്കളെ ഒന്നു ധരിപ്പിക്കണമെന്ന് നേതാവിന് തോന്നി. തനിക്ക് സീറ്റ് നിഷേധിച്ചതിലുള്ള വിഷമം കൊണ്ടല്ല, പാർട്ടിയോടുള്ള കടപ്പാട് കൊണ്ടാണ്. ഈ സദുദ്ദേശം വച്ച് മറ്റൊരു നേതാവിനെ അദ്ദേഹം ഫോണിൽ വിളിച്ചു. ദോഷം പറയരുത്, വനിതാ നേതാവിന് സീറ്ര് നൽകരുതെന്ന് പറയുമ്പോഴും , അവരെ പുകഴ്ത്താൻ അദ്ദേഹം മടിച്ചില്ല. ഏതായാലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ, താൻ വനിതാ നേതാവിനെ പുകഴ്ത്തുന്ന തന്റെ തന്നെ ശബ്ദം തന്റെ വാട്സ് ആപ്പിൽ കേട്ടപ്പോൾ അദ്ദേഹവും ഞെട്ടി. പക്ഷെ പരാതി നൽകാൻ ആരുമില്ലാത്തതിനാൽ 'നടപടി നേരിടാനുള്ള ഭാഗ്യം' അദ്ദേഹത്തിന് ലഭിച്ചില്ല.
ഇതു കൂടി കേൾക്കണേ
എന്തെല്ലാം പ്രയോജനവും ഗുണഗണവുമുണ്ടെങ്കിലും ഈ മൊബൈലിന് ഒരു കുഴപ്പമുണ്ട്. ആർക്കുവേണമെങ്കിലും പറയുന്നത് അങ്ങു ശേഖരിക്കാം, സൗകര്യം പോലെ പൊതുമദ്ധ്യത്തിൽ വിളമ്പുകയുമാവാം.