t

ആലപ്പുഴ: കൊവിഡിനെ തുടർന്ന് 'ഇൻഡോർ' ഇനങ്ങളിലേക്കു തിരിഞ്ഞ കായിക പ്രേമികൾ പതിയെ തിരിച്ചെത്താൻ തുടങ്ങിയതോടെ സ്പോർട്സ് സാമഗ്രികളുടെ വില്പന കേന്ദ്രങ്ങളിൽ ആളനക്കമായി. അകത്തളങ്ങളിൽ മാത്രം ഒതുങ്ങുന്ന ചെസ്, കാരംസ് പോലെയുള്ള കളികളിലും, ഓൺലൈൻ ഗെയിമുകളിലുമാണ് കുട്ടികളും യുവാക്കളും സമയം ചെലവിടുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന് തുടങ്ങിയതോടെ യുവാക്കൾ പലരും പഴയ കളിക്കളങ്ങൾ വൃത്തിയാക്കി പുറത്തിറങ്ങിത്തുടങ്ങി.

പുറത്ത് കളിക്കാനിറങ്ങുന്നവരെ ഡ്രോൺ കാമറ ഉപയോഗിച്ചുവരെ പൊലീസ് കണ്ടെത്തി പിടികൂടി തുടങ്ങിയതോടെയാണ് എല്ലാവരും അകത്തളങ്ങളിലേക്ക് ഒതുങ്ങിയത്. ഇതോടെ, കായിക ഇനങ്ങൾ വിൽക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ ആരുമെത്താതായി. നിലവിൽ നിയന്ത്രങ്ങൾക്ക് ഇളവു വന്നതോടെ ഈ സ്ഥാപനങ്ങളിലേക്ക് യുവജനങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഷട്ടിൽ ബാറ്റിനും കോർക്കിനുമാണ് ആവശ്യക്കാർ കൂടുതലുള്ളത്. ക്രിക്കറ്റ് ബാറ്റുകളുടെ വില്പനയും പുനരാരംഭിച്ചിട്ടുണ്ട്. മത്സര കാലത്ത് ക്ലബ്ബുകൾ എത്തിത്തുടങ്ങിയാൽ മാത്രമേ ജഴ്സികൾക്ക് ഡിമാൻഡുള്ളൂ. തദ്ദേശീയമായും വിദ്യാലയങ്ങളിലും മത്സരങ്ങളോ കലാപരിപാടികളോ നടക്കാത്തതിനാൽ ട്രോഫികൾക്ക് പേരിന് പോലും കച്ചവടമില്ലാത്ത സ്ഥിതിയാണ്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കാലാവധി പൂർത്തിയാക്കി ഇറങ്ങിയ പ്രതിനിധികൾക്ക് യാത്രയയപ്പ് കാലത്ത് ഉപഹാരമായി നൽകുന്നതിന് വേണ്ടി മാത്രമാണ് അടുത്തകാലത്ത് ഫലകങ്ങൾ ചെലവായതെന്ന് കടയുടമകൾ പറയുന്നു.

 ക്ഷാമമുണ്ട്, പലതിനും

ചൈനീസ്, ജാപ്പനീസ് കായിക ഉത്പന്നങ്ങൾക്ക് ക്ഷാമം തുടരുകയാണ്. ഷട്ടിൽ കോർക്കിന് വേണ്ടി കൂടുതൽപേരും ആവശ്യപ്പെടുന്ന കമ്പനിയുടെ ഉത്പന്നം കൊവിഡ് നിയന്ത്രണങ്ങൾ മൂലം കിട്ടാനില്ല. കൂടുതൽ പെർഫെക്ഷൻ ഉള്ളതിനാലാണ് ഇവയ്ക്ക് ഡിമാൻഡ് വർദ്ധിക്കാൻ കാരണം. മറ്റ് കായിക ഉപകരണങ്ങൾ പഞ്ചാബ്, മീററ്റ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായി വരുത്തുന്നത്. ലോക്ക് ഡൗൺ കാലത്ത് പൂർണമായി നിലച്ച കച്ചവടം മെച്ചപ്പെട്ട് തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് വ്യാപാരികൾ.

 ഉണരാനൊരുങ്ങി ക്യാമ്പുകൾ

കളിക്കളങ്ങൾ തുറക്കാൻ സർക്കാർ തലത്തിൽ തീരുമാനമാകാത്തതിനാൽ ജില്ലാതലങ്ങളിലെ സ്പോർട്സ് കൗൺസിലുകൾക്ക് നിലവിൽ ഔട്ട് ഡോർ കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കാൻ മാർഗമില്ല. അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫുട്ബാൾ ക്യാമ്പുകൾ ജനുവരി മുതൽ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ പ്രമുഖ ക്ലബ്ബുകൾ. ഫുട്ബാൾ ക്യാമ്പുകളിൽ ഒരു സമയം പരമാവധി 20 കുട്ടികളെയും പരിശീലകനെയും മാത്രം ഉൾപ്പെടുത്തി പരിശീലനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഓൺലൈൻ പഠനത്തിന് പുറമേ, ഓൺലൈൻ കായിക ഇനങ്ങളിലേക്കും തിരിയുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

........................

ഗ്രൗണ്ട് കിട്ടാനുള്ള പ്രയാസം മാറിയാൽ കച്ചവടം ഉഷാറാകും. കുട്ടികളായാലും യുവാക്കളായാലും കളത്തിലിറങ്ങി കളിക്കാൻ ആഗ്രഹിക്കുകയാണ്. ആവശ്യക്കാർ കൂടുന്നതോടെ ആനുപാതികമായി ഉത്പാദനം വർദ്ധിച്ച് കൂടുതൽ കായിക ഉപകരണങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ

സജീവ്, ആലപ്പി സ്പോ‌ർട്സ് ഇൻഡസ്ട്രീസ്