
ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും നേതൃത്വം നൽകിയവരെ അമ്പരപ്പിച്ചാണ് പ്രമുഖർ തോൽവി ഏറ്റുവാങ്ങിയത്. ദേശീയ-സംസ്ഥാന നേതാക്കൾ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാർ, നഗരസഭ അദ്ധ്യക്ഷൻമാർ എന്നിവരുൾപ്പെടെ പല നേതാക്കളുടെയും തോൽവി അപ്രതീക്ഷതമായിരുന്നു.
ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ തണ്ണീർമുക്കം പഞ്ചായത്ത് എസ്.ബി പുരം വാർഡിൽ സി.പി.എമ്മിലെ പ്രവീൺ ജി.പണിക്കരോട് 108 വോട്ടിന് പരാജയപ്പെട്ടു.
ജില്ലാ പഞ്ചായത്തിൽ ജനവിധി തേടിയ കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗവും കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റുമായ എ.കെ.രാജൻ കരുവാറ്റ ഡിവിഷനിലും കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ കൃഷ്ണപുരത്തും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അമ്പലപ്പുഴയിലും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ചമ്പക്കുളം ഡിവിഷനിലും തോറ്റു.
ആലപ്പുഴ നഗരസഭയിലേക്ക് മത്സരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി മോളി ജേക്കബ് ബീച്ച് വാർഡിൽ തോറ്റു.
സി.പി.എം നേതാവും കായംകുളം നഗരസഭ ചെയർമാനുമായ അഡ്വ. എൻ.ശിവദാസൻ പരാജയപ്പെട്ടു.
ആലപ്പുഴ നഗരസഭാ മുൻ ചെയർമാൻ കോൺഗ്രസിലെ തോമസ് ജോസഫ് കൊറ്റംകുളങ്ങര വാർഡിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ ബി.ജെ.പിയിലെ മനു ഉപേന്ദ്രൻ ആണ് വിജയിച്ചത്.
മാവേലിക്കര നഗരസഭ മുൻചെയർമാനും ഡി.സി.സി വൈസ് പ്രസിഡന്റുമായ കെ.ആർ.മുരളീധരൻ തോറ്റു. ഇവിടെ ബി.ജെ.പിയാണ് വിജയിച്ചത്.
കായംകുളം നഗരസഭയിലെ മുൻ ചെയർമാൻമാരായ യു.ഡി.എഫിലെ ഗായത്രി തമ്പാൻ, സൈറ നജ്മുദ്ദീൻ, ചേർത്തല നഗരസഭയിലെ മുൻ ചെയർപേഴ്സൺ ജയലക്ഷ്മി, മുൻ ചെയർമാനും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗവുമായ വി.ടി.ജോസഫ്, ആര്യാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ പ്രൊഫ. സി.വി.നടരാജൻ, അഡ്വ. എം.രവീന്ദ്രദാസ്, പുറക്കാട് ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച ഡി.സി.സി ജനറൽ സെക്രട്ടറി പി.സാബു, മുൻ വൈസ് പ്രസിഡന്റ് ടി.എ.ഹാമീദ്, ബ്ളോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എച്ച്.വിജയൻ, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയലാൽ, ആലപ്പുഴ നഗരസഭയിലെ വൈസ് ചെയർപേഴ്സൺ സി. ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ഷോളി സിദ്ധകുമാർ, ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ബേബി തുടങ്ങി നിരവധി പ്രമുഖർ തോൽവി ഏറ്റുവാങ്ങി.