
ആലപ്പുഴ: ജില്ലയിലെ ഒൻപത് അസംബ്ളി മണ്ഡലങ്ങളിൽ കുട്ടനാട് ഒഴികെ എല്ലായിടത്തും ഇടതുപക്ഷം ആധിപത്യം പുലർത്തി. മൂന്ന് ഗ്രാമ പഞ്ചായത്തുകൾ കൂടുതൽ നേടാനും കഴിഞ്ഞു.
രണ്ടെണ്ണമൊഴികെയുള്ള ജില്ലയിലെ എല്ലാ അസംബ്ളി മണ്ഡലങ്ങളിലും എൽ.ഡി.എഫ് പ്രതിനിധികളാണ്. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നുമില്ല.
13 ഗ്രാമപഞ്ചായത്തുകളുള്ള കുട്ടനാട്ടിൽ നേരിയ വ്യത്യാസത്തിലെങ്കിലും നാലിടത്ത് ഭരണം നേടാൻ കഴിഞ്ഞതാണ് യു.ഡി.എഫിന്റെ ആകെ ആശ്വാസം. അഞ്ച് പഞ്ചായത്തുകളിൽ ആർക്കും കേവല ഭൂരിപക്ഷമില്ല.
ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലെ മുൻതൂക്കം യു.ഡി.എഫിന് നഷ്ടപ്പെട്ടു.
മാവേലിക്കര മണ്ഡലത്തിലെ ചെട്ടികുളങ്ങര പഞ്ചായത്തിൽ യു.ഡി.എഫിന് കിട്ടിയത് ഒരു സീറ്റ്.തഴക്കരയിൽ മൂന്നും തെക്കേക്കരയിൽ രണ്ടും സീറ്റിലേക്ക് ഒതുങ്ങി.താമരക്കുളം പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷവുമില്ല.
ചെങ്ങന്നൂരിൽ നഗരസഭ നിലനിർത്താൻ യു.ഡി.എഫിന് കഴിഞ്ഞു. പക്ഷെ ആകെയുള്ള എട്ട് പഞ്ചായത്തിൽ എൻ.ഡി.എയ്ക്ക് മേൽകൈയുള്ള പാണ്ടനാട്ടും തിരുവൻവണ്ടൂരിലുമൊഴികെ ആറിടത്തും എൽ.ഡി.എഫ് ആധിപത്യമാണ്.
ഉപതിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ നിയമസഭയിലെത്തിയ അരൂരിൽ രണ്ട് പഞ്ചായത്തുകൾ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത എൽ.ഡി.എഫ്, രണ്ടെണ്ണം നിലനിറുത്തുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തിൽ ഒരുവിധത്തിൽ നഗരസഭ നിലനിറുത്തി. പക്ഷെ, കരുവാറ്റയും പള്ളിപ്പാടും കാർത്തികപ്പള്ളിയും ഇടതുപക്ഷം തിരിച്ചുപിടിച്ചു.
മന്ത്രി ജി.സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ അഞ്ച് പഞ്ചായത്തുകളും ബ്ളോക്കും നഗരസഭാ വാർഡുകളും ഇടതുപക്ഷം തൂത്തുവാരി. മൂന്ന് ഗ്രാമപഞ്ചായത്തുകൾ നേടാൻ കഴിഞ്ഞത് എൻ.ഡി.എയുടെ നേട്ടമാണ്.
നഗരസഭകളുടെ എണ്ണം എൽ.ഡി.എഫ് രണ്ടിൽ നിന്ന് മൂന്നാക്കിയപ്പോൾ യു.ഡി.എഫ് നാലിൽ നിന്ന് രണ്ടിലേക്ക് ചുരുങ്ങി. ബ്ളോക്ക് പഞ്ചായത്തിൽ രണ്ടിൽ നിന്ന് ഒരു സീറ്റിലേക്കും.