ആലപ്പുഴ: വൈ.എം.സി.എ വഴിച്ചേരി റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കനാൽക്കരയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി.
പുല്ല് ചെത്തിക്കൊണ്ടിരുന്ന കുടുംബശ്രീ വനിതകൾ പാമ്പിനെ കണ്ട് പേടിച്ച് ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാർ ഓടിക്കൂടി. പ്രദേശവാസികളായ ആദിൽ മാത്യു, റിസാഫ് എന്നിവർ ചേർന്ന് പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. കനാൽക്കരയിൽ രണ്ട് മലമ്പാമ്പുകളാണ് ഉണ്ടായിരുന്നതെന്നും, ആളനക്കം കൂടിയതോടെ ഒരെണ്ണം വെള്ളത്തിൽ മുങ്ങിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. കൗമുദി ടി വി സംപ്രേഷണം ചെയ്യുന്ന 'സ്നേക്ക് മാസ്റ്റർ' പരിപാടി സ്ഥിരമായി കാണുന്നതിനാൽ ഭയം തോന്നിയില്ലെന്നും ഇവയെ പിടികൂടേണ്ട രീതി മനസിലാക്കിയിരുന്നെന്നും യുവാക്കൾ പറഞ്ഞു.