ആലപ്പുഴ: മന്ത്രി ജി. സുധാകരൻ ഔദ്യോഗിക വാഹനത്തിൽ ബൈപ്പാസിലൂടെ സഞ്ചരിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി. കളർകോട് മുതൽ കൊമ്മാടി ജംഗ്ഷൻ വരെയുള്ള 6.5 കി.മീറ്റർ ദൂരത്തിലാണ് മന്ത്രി സഞ്ചരിച്ചത്. ബൈപ്പാസ് മേൽപ്പാലം നിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായി കടന്നുപോയ വാഹനം വകുപ്പു മന്ത്രിയുടേതാണ്. ബീച്ചിനു സമീപം കാറിൽ നിന്നിറങ്ങി ബൈപ്പാസിന്റെ പുരോഗതി മന്ത്രി നേരിട്ട് നിരീക്ഷിച്ചു. ഒന്നര മണിക്കൂറോളം മന്ത്രി ഇവിടെ ചെലവിട്ടു.
ഈ മാസം അവസാനം എല്ലാം ജോലികളും പൂർത്തീകരിക്കുമെന്ന് ദേശീയപാത വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അനിൽകുമാർ മന്ത്രിയെ അറിയിച്ചു. ചീഫ് എൻജിനീയർ അശോക് കുമാറും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ സർക്കാർ തയ്യാറാക്കിയ ഡി.പി.ആറിൽ 90 വഴിവിളക്കുകളാണ് ഉൾപ്പെടുത്തിയിരുന്നത്. അപര്യാപ്തമായിരുന്നതിനാൽ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 6.5 കി.മീറ്റർ ദൂരവും വഴിവിളക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടിൽ നിന്നു 330 വഴിവിളക്കുകൾ കൂടി കൂട്ടിച്ചേർത്തതോടെ 420 വിളക്കുകളാണ് ആകെ സ്ഥാപിക്കുക. പ്രധാനമന്ത്രി ഉദ്ഘാടനത്തിന് ആഗ്രഹം പ്രകടിപ്പിച്ച സ്ഥിതിക്ക് അദ്ദേഹത്തിന്റെ തീയതി ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ കാത്തിരിക്കുകയാണെന്ന് ജി. സുധാകരൻ പറഞ്ഞു.

ബൈപ്പാസിന്റെ ഫ്‌ളൈ ഓവറിന് താഴെയുള്ള റോഡിന് ഇരുവശങ്ങളും ഇപ്പോൾ വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്. ജംഗ്ഷൻ വികസനം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. അതോടുകൂടി ജംഗ്ഷനുകളിൽ കൃത്യമായ ഗതാഗത സൗകര്യം നിലവിൽ വരും. സേഫ്റ്റി ഓഡിറ്റിംഗ് നടത്താൻ തീരുമാനിച്ചു. അതിനായി ചീഫ് എൻജിനീയർ റോഡ് സേഫ്റ്റി ഒഫ് അതോറിട്ടിക്ക് കത്ത് നൽകി
യിട്ടുണ്ട്. ബൈപ്പാസ് പുതുവർഷം ആദ്യം നാടിന് സമർപ്പിക്കാൻ കഴിയും.

മന്ത്രി ജി.സുധാകരൻ 73-ാം തവണയാണ് ബൈപാസിൽ എത്തിയത്. ജനുവരി ആദ്യം തന്നെ കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു തുറന്ന് കൊടുക്കുമെന്ന് ജി.സുധാകരൻ പറഞ്ഞു. പാലാരിവട്ടം പാലം പൊളിച്ച്, 100 വർഷം നിലനിൽക്കുന്ന പുതിയ പാലം 2021 മേയിൽ തുറന്ന് കൊടുക്കാൻ സാധിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മെട്രോമാൻ ഡോ. ഇ.ശ്രീധരൻ 8 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച് നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.