ആലപ്പുഴ: കൈനകരി കനകാശേരി പാടശേഖരത്ത് മടവീണ് 200 ഹെക്ടർ കൃഷി നശിച്ചു. പുറംബണ്ടിലെ 500 വീടുകൾ വെള്ളത്തിലായി.

സമീപത്തെ വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലേക്കും വെള്ളം കയറി 30 ദിവസം പ്രായമായ നെൽച്ചെടികൾ മുങ്ങി. മൂന്ന് പാടശേഖരങ്ങളും ഒരു പുറംബണ്ടിനുള്ളിലായതുനാൽ ഒരുപാടത്തിന്റെ ബണ്ട് തകർന്നാൽ മൂന്ന് പാടശേഖരങ്ങളും വെള്ളത്തിലാവും. മീനപ്പള്ളി വാട്ടക്കായലിനോട് ചേർന്നുള്ള പുറംബണ്ട് ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് തകർന്നത്. കഴിഞ്ഞ മടവീഴ്ചയിൽ തകർന്ന ഭാഗത്തെ പുറംബണ്ട് തെങ്ങിൻ കുറ്റി ഉപയോഗിച്ച് ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയായി വരികയായിരുന്നു. വൃശ്ചിക വേലിയേറ്റത്തെ തുടർന്ന് കായലിലെ ജലത്തിന്റെ സമ്മർദ്ദം മൂലം ബണ്ടിന് ഉള്ളിൽ നിറച്ച മണൽ കുത്തനേ താഴ്ന്നു പോയി. ഈ ഭാഗത്തുകൂടി ജലം പാടശേഖരത്തിലേക്ക് ഒഴുകുന്നത് തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉച്ചയോടെ ശക്തമായി ജലം കയറുകയായിരുന്നു. ഒന്നു മുതൽ 30 ദിവസം വരെ പ്രായമായ നെൽചെടികളാണ് മൂന്ന് പാടശേഖരങ്ങളിലും.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ പാടശേഖരത്ത് അഞ്ച് തവണയാണ് മടവീഴ്ചയുണ്ടായത്. ഓരോ തവണയും വീഴുന്ന മട പുന:സ്ഥാപിക്കാൻ പാടശേഖരസമിതി ചെലവഴിച്ച ഇനത്തിൽ അരക്കോടിയോളം രൂപ ബാദ്ധ്യതയിലായി. എട്ടുമാസം മുമ്പ് കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ മൂന്ന് പാടശേഖരങ്ങളുടെയും പുറംബണ്ട് കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കുന്നതിനായി നാല് കോടി രൂപ നബാർഡിൽ നിന്ന് അനുവദിച്ചിരുന്നു. ആദ്യം തോട്ടപ്പള്ളി തീരത്തു നിന്ന് മണൽ കൊണ്ടുവന്ന് ചാക്ക് നിരത്തി ബലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. അന്ന് അര ലക്ഷത്തോളം മണൽ ചാക്കുകൾ കനകാശേരിയിൽ മാത്രം മടകുത്താനായി ഉപയോഗിച്ചിരുന്നു.

 കൃഷിനാശം വിസ്തൃതി ഹെക്ടറിൽ

# വിതപൂർത്തീകരിച്ച കനകാശേരി- 48

# 20 ദിവസം പ്രായമായ മീനപ്പള്ളി- 51

# 30 ദിവസം പ്രായമായ വലിയകരി-100.8

...............................

 തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടയ്ക്കും

വേലിയേറ്റത്തെ തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടയ്ക്കാൻ കളക്ടർ എ. അലക്‌സാണ്ടർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. ആകെ 90 ഷട്ടറുകളുള്ള തണ്ണീർമുക്കം ബണ്ടിൽ 10 ഷട്ടറുകളാണ് അടച്ചിട്ടുള്ളത്.