
ആലപ്പുഴ: കളത്തിലിറങ്ങിയത് തികഞ്ഞ ആത്മവിശ്വാസത്തോടെ. പക്ഷേ, കാലിടറിയത് അപ്രതീക്ഷിതവും. ഇതോടെ വല്ലാത്ത അന്ധാളിപ്പിലായിരിക്കുകയാണ് ജില്ലാ യു.ഡി.എഫ് നേതൃത്വം.സർക്കാരിനെതിരെ തുടരെയെത്തുന്ന ആക്ഷേപങ്ങളും കേന്ദ്ര ഏജൻസികളുടെ ഇടപെടലുകളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാറ്റ് തങ്ങൾക്കനുകൂലമാക്കുമെന്ന് ഏറെ മോഹിച്ച യു.ഡി.എഫിന് ഇത്ര വലിയൊരു തിരിച്ചടി ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
മന്ത്രി തോമസ് ഐസക്ക് സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ടുയർത്തിയ ആരോപണങ്ങളും പിന്നീട് അതിൽ ഒറ്റപ്പെട്ടതുമൊക്കെ ജില്ലയിൽ ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കുമെന്ന് കോൺഗ്രസ് നേതാക്കൾ കണക്കുകൂട്ടി. പുറമെ എൽ.ഡി.എഫിലെ ചില്ലറ അസ്വാരസ്യങ്ങളും ഗുണകരമാവുമെന്ന് പ്രതീക്ഷിച്ചു. തോട്ടപ്പള്ളിയിലെ മണൽ ഖനനത്തെ തുടർന്ന് സി.പി.എമ്മിൽ ഉടലെടുത്ത ചില അപസ്വരങ്ങൾ, കുട്ടനാട്ടിൽ നെല്ലു സംഭരണത്തിൽ സംഭവിച്ച ചെറിയ പാളിച്ച തുടങ്ങിയവ തങ്ങൾക്ക് അനുകൂല സാഹചര്യമാവുമെന്നും അവർ ചിന്തിച്ചു. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോൺഗസ് നേതാക്കൾ കൂട്ടത്തോടെ കുട്ടനാട്ടിലെ കൊയ്ത്തിടങ്ങളിലേക്ക് പാഞ്ഞെത്തിയതും ഇതിന്റെ ഭാഗമായിരുന്നു. പക്ഷെ എല്ലാം പിഴയ്ക്കുന്ന ദയനീയ കാഴ്ചയാണ് ബുധനാഴ്ച ഉച്ചയോടെ കണ്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷീണങ്ങളിലൊന്നാണ് യു.ഡി.എഫിന് ജില്ലയിലും നേരിടേണ്ടി വന്നത്.
പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ പോലും യു.ഡി.എഫിന് കനത്ത അടിയാണ് കിട്ടിയത്. തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന പള്ളിപ്പാട് പഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് ടേമിൽ അധികാരത്തിലിരുന്ന കരുവാറ്റ പഞ്ചായത്തും കൈവിട്ടു. കിട്ടിയ പഞ്ചായത്തുകളിൽ ശക്തമായ മേൽക്കൈയുമില്ല.
കൈവശമുണ്ടായിരുന്ന രണ്ട് നഗരസഭകൾ പോയി. ഒരു ബ്ളോക്ക് പഞ്ചായത്തും പോയി. ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നു. സംസ്ഥാനത്താകെ ഉണ്ടായ ഒരു തരംഗത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് സമാധാനിക്കാമെങ്കിലും ആലപ്പുഴ നഗരസഭയിലും മറ്റും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വന്ന കാലവിളംബം ചെറിയ പ്രതിസന്ധി ഉണ്ടാക്കാതിരുന്നില്ല.
കൊവിഡ് വഴിയും പ്രഹരം
സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി പ്രചാരണ ചൂടിലേക്ക് ഇറങ്ങേണ്ട സമയത്താണ് ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കൾ കൊവിഡിന്റെ പിടിയിൽ പെട്ടത്. ഡി.സി.സി പ്രസിഡന്റു തന്നെ ആദ്യം ക്വാറന്റൈനിലായി. മുതിർന്ന നേതാവ് എ.എ.ഷുക്കൂർ, കെ.പി.സി.സി ഭാരവാഹികളായ പി.സി.വിഷ്ണുനാഥ്, കെ.പി.ശ്രീകുമാർ, ബാബുപ്രസാദ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരും ഇതേവഴിക്കായി. മുതിർന്ന മറ്റൊരു നേതാവ് സി.ആർ.ജയപ്രകാശിന്റെ വിയോഗവും പ്രവർത്തകരെ വല്ലാതെ നൊമ്പരത്തിലാക്കി. ചുരുക്കത്തിൽ പടത്തലവനില്ലാത്ത പടനയിക്കൽ പോലെയായി പ്രചാരണം. ഇതും യു.ഡി.എഫ് വീഴ്ചയുടെ ആക്കം കൂട്ടിയെന്നത് വിസ്മരിക്കാനാവില്ല.