 
ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ സി.പി.എം, ആർ.എസ്.എസ് ഓഫീസുകൾക്കെതിരെ ആക്രമണം. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാത്രി 11 മണിയോടെ ആയിരുന്നു മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിന് കിഴക്കുവശത്തുള്ള ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം പെട്രോൾ ബോംബെറിഞ്ഞ ശേഷം ഓഫീസിന്റെ മുൻവശത്തെ രണ്ടു ജനലിന്റെയും ചില്ലുകൾ പൂർണമായും തകർത്തു. ഓഫീസിന് മുന്നിൽ ഉണ്ടായിരുന്ന സേവാഭാരതിയുടെ കുടിവെള്ള ടാങ്കും അക്രമികൾ തകർത്തു. സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ തെളിവെടുപ്പിനായി സയന്റിഫിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആഹ്ലാദ പ്രകടനത്തെ തുടർന്ന് പ്രദേശത്ത് പലേടത്തും സി.പി.എം, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഇരുപക്ഷത്തെയും നേതാക്കളുമായി പൊലീസ് ചർച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ രാത്രിയോടെ സംഘടിച്ചെത്തി വീണ്ടും ആക്രമണം നടത്തുകയായിരുന്നു.
ബി.ജെ.പി ഓഫീസ് ആക്രമണം നടന്ന് അധികം വൈകും മുമ്പ് സി.പി.എം കാർത്തികപ്പള്ളി ലോക്കൽ കമ്മിറ്റി ഓഫീസിലും ആക്രമണമുണ്ടായി. ഇവിടെയും ജനൽചില്ലുകൾ തകർത്തു. ഓഫീസിനു മുൻപിൽ സ്ഥാപിച്ചിരുന്ന കൊടിയും നശിപ്പിച്ചു. ആർ.എസ്.എസ് കാര്യാലയം തകർത്ത കേസിൽ അഞ്ചു സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ പതിനഞ്ചോളം പേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.