മാവേലിക്കര : താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ 38കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നിട്ട് ഇന്ന് നാല് വർഷം പൂർത്തിയാകുമ്പോഴും നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം മടക്കിനൽകാനുള്ള നടപടികൾ എങ്ങുമെത്തിയില്ല.
2016 ഡിസംബർ 19നാണ് താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലെ നിക്ഷേപ തട്ടിപ്പ് പുറത്തുവരുന്നത്. നടപടികളുടെ ഭാഗമായി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയും മൂന്ന് വർഷത്തിന് ശേഷം ബാങ്കിൽ തിരഞ്ഞെടുപ്പു നടത്തി ഭരണസമതി അധികാരമേൽക്കുകയും ചെയ്തു. ഇതിനിടെ കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടേയും ഭരണസമിതി അംഗങ്ങളുടേയും പേരിൽ സഹകരണ നിയമപ്രകാരമുള്ള ജപ്തി നടപടികൾക്കായി ഉത്തരവുകൾ വന്നു. ഇതിനപ്പുറം ഒരു നടപടിയും ഉണ്ടായില്ല. നിക്ഷേപകർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച പ്രത്യേക സംഘം രൂപീകരിച്ച് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദ്ദേശമുണ്ടായതും ഫലം കണ്ടില്ല. നിക്ഷേപകർ നടത്തിയ സമരത്തെ തുടർന്ന് ഡിസംബർ 31 നകം ജോയിന്റ് രജിസട്രാറുടെ മേൽനോട്ടത്തിൽ നിക്ഷേപക കൂട്ടായ്മ പ്രതിനിധികളുമായി പ്രശ്ന പരിഹാരത്തിന് ചർച്ച നടത്താം എന്ന ഉറപ്പുമാത്രമാണ് ഇപ്പോൾ നിക്ഷേപകരുടെ മുന്നിലുള്ള ആശ്വാസം.