മാവേലിക്കര: നഗരസഭയിലെ 28 വാർഡുകളിൽ മൂന്ന് മുന്നണികളും 9 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പം എത്തിയതോടെ സ്വതന്ത്രൻ ശ്രീകുമാറിന്റെ നിലപാട് നിർണ്ണായകമാകുന്നു. ചെയർമാൻ സ്ഥാനം നൽകുന്നവരോടൊപ്പം നിലകൊള്ളുമെന്ന ആവകാശവാദവുമായി ശ്രീകുമാർ രംഗത്തെത്തി.
എന്നാൽ വിമതനെ ഒപ്പം കൂട്ടി ഭരണം പിടിക്കാൻ തയ്യാറല്ലെന്ന നിലപാട് മന്ത്രി ജി.സുധാകരൻ വ്യക്തമാക്കിയിരിക്കുകയാണ്. ബി.ജെ.പിയും യു.ഡി.എഫും നയം വ്യക്തമാക്കിയിട്ടില്ല.
ഉമ്പർനാട് വാർഡിൽ സി.പി.ഐക്ക് സീറ്റ് കൊടുത്തതിൽ പ്രതിഷേധിച്ച് മത്സരിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ 9 വോട്ടിനാണ് വിജയിച്ചത്. ഇവിടെ യു.ഡി.എഫാണ് രണ്ടാമതെത്തിയത്. എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശ്രീകുമാറിനെ പാർട്ടിയിൽ നിന്ന് സി.പി.എം പുറത്താക്കിയിരുന്നു.