s

അഞ്ച് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും ഒരു ബ്ളോക്ക് പഞ്ചായത്തിലും ആർക്കും ഭൂരിപക്ഷമില്ല

ആലപ്പുഴ:തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖാമുഖം പോരടിച്ച മുന്നണികൾ ഇനി പരസ്പരം താങ്ങേണ്ട അവസ്ഥയിലാവും. ജില്ലയിൽ കേവലഭൂരിപക്ഷം ആർക്കും കിട്ടാത്ത അഞ്ച് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും ഒരു ബ്ളോക്ക് പഞ്ചായത്തിലും ഇതാണ് അവസ്ഥ. ഇണങ്ങാത്ത കണ്ണികൾ എങ്ങനെ കൂട്ടിയോജിപ്പിച്ച് ഭരണം പിടിക്കാമെന്ന് മുന്നണി നേതൃത്വങ്ങൾ ആലോചന തുടങ്ങിയിട്ടില്ല.

യു.ഡി.എഫിനുള്ളിലെ വിഴുപ്പലക്കൽ ഒന്ന് ഒതുങ്ങിയിട്ടേ ഇക്കാര്യം ചിന്തിക്കാനാവൂ. എൻ.ഡി.എയുടെ സ്ഥിതിയും അത്ര വ്യത്യസ്തമല്ല. കടക്കരപ്പള്ളി, ചെന്നിത്തല തൃപ്പെരുന്തുറ, ചെറുതന, വീയപുരം,മുതുകുളം ഗ്രാമപഞ്ചായത്തുകളിലാണ് ആർക്കും കേവല ഭൂരിപക്ഷമില്ലാത്തത്.ഇവിടങ്ങളിൽ സ്വതന്ത്രന്മാർക്കുമില്ല നിർണ്ണായക സ്വാധീനം. മാവേലിക്കര നഗരസഭയും ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തുമാണ് കേവല ഭൂരിപക്ഷമില്ലാത്ത മറ്റ് രണ്ട് കേന്ദ്രങ്ങൾ.

കടക്കരപ്പള്ളി

ആകെ വാർഡുകൾ..14

എൽ.ഡി.എഫ് .........07

യു.ഡി.എഫ്..............07

മോരും മുതിരയും പോലെ നിൽക്കുന്ന രണ്ട് മുന്നണികളാണ് ഇവിടെ തുല്യ ശക്തികൾ. ആരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ 'ടോസ്' ആകും പഞ്ചായത്തിലെ പ്രധാന താരം.ടോസിന്റെ ബലത്തിൽ പ്രസിഡന്റാവുന്നവർക്ക് അഞ്ച് വർഷം ഭരിക്കാം.പരസ്പര ധാരണയിൽ പിന്താങ്ങി അധികാരത്തിലെത്താൻ ശ്രമിച്ചാലും അത് ശാശ്വതമാവാനും തരമില്ല.2010-ൽ യു.ഡി.എഫും 2015-ൽ എൽ.ഡി.എഫും ഭരിച്ച പഞ്ചായത്താണ് കടക്കരപ്പള്ളി.

ചെന്നിത്തല തൃപ്പെരുന്തുറ

ആകെ വാർഡുകൾ...18

എൽ.ഡി.എഫ്..........05

യു.ഡി.എഫ്..............06

എൻ.ഡി.എ..............06

മറ്റുള്ളവർ................01

ഇവിടെയും ആര് ആരെ ഒഴിവാക്കാൻ ആർക്ക് പിന്തുണ നൽകുമെന്നതാണ് പ്രശ്നം.കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരിച്ച പഞ്ചായത്താണ് ഇത്.

ചെറുതന

ആകെ വാർഡുകൾ.....13

എൽ.ഡി.എഫ്..............05

യു.ഡി.എഫ്..................05

എൻ.ഡി.എ...................03

എൻ.ഡി.എയുടെ കാരുണ്യത്തിൽ മറ്റ് രണ്ട് മുന്നണികളിലൊരാൾക്ക് അധികാരത്തിലെത്താം.എൻ.ഡി.എയെ ഒഴിവാക്കി മറ്റു രണ്ടുപേർക്കും ധാരണയിലെത്തുകയുമാവാം.കഴിഞ്ഞ ഭരണം എൽ.ഡി.എഫിന്റേതായിരുന്നു.

വീയപുരം

ആകെ വാർഡുകൾ..13

എൽ.ഡി.എഫ്.........05

യു.ഡി.എഫ് ............05

എൻ.ഡി.എ..............01

മറ്റുള്ളവർ.................02

മുന്നണിയിൽപ്പെടാതുള്ള രണ്ടു പേരിലാണ് ഏവരുടെയും ശ്രദ്ധ. കാരണം ഇവർ ഒരു നിലപാട് സ്വീകരിച്ചാൽ ഒരു കൂട്ടർക്ക് ഭരണത്തിൽ വരാം.കഴിഞ്ഞ തവണ യു.ഡി.എഫ് ഭരിച്ച പഞ്ചായത്താണ്.

മുതുകുളം

ആകെ വാർഡുകൾ..15

എൽ.ഡി.എഫ്.........05

യു.ഡി.എഫ്........... 05

എൻ.ഡി.എ..............04

മറ്റുള്ളവർ.................01

ഇവിടെ കഴിഞ്ഞ ഭരണം യു.ഡി.എഫ് വകയായിരുന്നു. പക്ഷെ ഭരണത്തിന്റെ ഞാണിന്മേൽ കളി മുതുകുളം പഞ്ചായത്തുകാർ കുറെ കണ്ടതാണ്.2010-ൽ തുടക്കത്തിൽ ഇടതു പിന്തുണയിൽ സ്വതന്ത്രൻ പ്രസിഡന്റായി. അവസാന ഘട്ടമെത്തിയപ്പോൾ അധികാരം യു.ഡി.എഫ് കൈകളിലെത്തി.

ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത്

ആകെ ഡിവിഷനുകൾ ..13

എൽ.ഡി.എഫ്.........06

യു.ഡി.എഫ്........... 06

എൻ.ഡി.എ..............01

ഇവിടെ എങ്ങനെ ധാരണയുണ്ടാവുമെന്നതാണ് ജനങ്ങളുടെ ആകാംക്ഷ.കഴിഞ്ഞ തവണ യു.ഡി.എഫ് ആയിരുന്നു ഭരിച്ചത്.

മാവേലിക്കര നഗരസഭ

ആകെ വാർഡുകൾ..28

എൽ.ഡി.എഫ്.........09

യു.ഡി.എഫ് ...........09

എൻ.ഡി.എ..............09

മറ്റുള്ളവർ.................01

കഴിഞ്ഞ തവണ ഇടതുപക്ഷം അധികാരത്തിലിരുന്ന നഗരസഭയാണ് ഇത്.