കെ.എസ്.ആർ.ടി.സി പൂർണതോതിൽ ഷെഡ്യൂളുകൾ ആരംഭിക്കും
ആലപ്പുഴ : നീണ്ട ഇടവേളയ്ക്ക് ശേഷം കെ.എസ്.ആർ.ടി.സി പൂർണ ഷെഡ്യൂളിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ ജനുവരി മാസത്തിൽ പ്രവർത്തിച്ചിരുന്ന അതേ ഷെഡ്യൂളിലേക്ക് തിരികെയെത്താൻ ഗതാഗതവകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയതോടെ എല്ലാ ഡിപ്പോകളിലും മുന്നൊരുക്കങ്ങൾ ആരംഭിച്ചു. മിക്ക ഡിപ്പോകളിലും പകുതിയിലധികം സർവീസ് വെട്ടിച്ചുരുക്കിയാണ് കൊവിഡ് കാലത്ത് സർവീസ് നടത്തിയിരുന്നത്.
ചില ഡിപ്പോകളിൽ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവുണ്ട്. ആദ്യം ഇതിന് പരിഹാരം കാണണം. ഒറ്റയടിക്ക് എല്ലാ സർവീസുകളും ആരംഭിക്കില്ല. യാത്രക്കാർ കൂടുതലുള്ള റൂട്ടുകൾക്കാവും പ്രഥമ പരിഗണന. ബസുകളുടെയും ജീവനക്കാരുടെയും ലഭ്യത അനുസരിച്ചാവും ജില്ലയിലെ എല്ലാ ഡിപ്പോകളിലും ഷെഡ്യൂളുകൾ പൂർണ തോതിലാകുക. കൊവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന അത്ര യാത്രക്കാർ നിലവിൽ ഇല്ലാത്തതിനാൽ കൃത്യമായ ആസൂത്രണമില്ലാതെ ബസുകൾ നിരത്തിലിറക്കിയാൽ കനത്ത സാമ്പത്തിക നഷ്ടം നേരിടും. ക്രിസ്മസ്, പുതുവത്സര സീസണിൽ ബംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക സർവീസുകളുണ്ടാവും.
നിന്ന് യാത്ര ചെയ്യാം
കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ബസുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിപ്പിക്കുന്നതിനുണ്ടായിരുന്ന താൽക്കാലിക വിലക്ക് പിൻവലിച്ചു. പകൽ സമയത്ത് പരമാവധി 15 യാത്രക്കാരെ വരെ നിർത്തി കൊണ്ടുപോകാമെന്ന് ഉത്തരവിൽ പറയുന്നു. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് വിവിധ റൂട്ടുകളിൽ സർവീസ് കൂട്ടുന്നത് തീരുമാനിക്കും.
ലോക്ക് ഡൗണിന് മുമ്പ് സർവീസ്
നടത്തിയിരുന്ന ഷെഡ്യൂളുകൾ
ആലപ്പുഴ - 77
ചെങ്ങന്നൂർ - 42
ചേർത്തല - 77
ഹരിപ്പാട് - 43
കായംകുളം - 68
മാവേലിക്കര - 35
ബസുകളുടെയും ജീവനക്കാരുടെയും ലഭ്യത അനുസരിച്ച് ജില്ലയിലാകമാനം സർവീസുകൾ പൂർണ തോതിലെത്തിക്കും
- അശോക് കുമാർ, എ.ടി.ഒ, ആലപ്പുഴ