
പൂച്ചാക്കൽ: വാഹനാപകടത്തിൽ പരിക്കേറ്റ് മാനസികനില തെറ്റി വർഷങ്ങളായി തെരുവിൽ അലഞ്ഞു നടന്ന യുവാവിനെ പൂച്ചാക്കൽ പൊലീസ് പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു. പാണാവള്ളി സ്വദേശിയാണെന്ന് പറയുന്നുണ്ടെങ്കിലും ബന്ധുക്കളാരും എത്തിയില്ല.
ഇടതു കയ്യിൽ പ്ലാസ്റ്ററിട്ട്, മുഷിഞ്ഞ വേഷത്തിൽ നടക്കുന്നത് സ്ഥിരമായി കാണാറുണ്ടെങ്കിലും യുവാവിനെ ആരും അത്ര ഗൗനിച്ചിരുന്നില്ല. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ തെരുവ് വെളിച്ചം അഭയകേന്ദ്രവുമായി പൂച്ചാക്കൽ പൊലീസ് ബന്ധപ്പെട്ടാണ് പുനരധിവാസത്തിന് സൗകര്യം ഒരുക്കിയത്. ഓട്ടോറിക്ഷ ഡ്രൈവറായ സ്വരാജാണ് എറണാകുളത്തുള്ള തെരുവോരം മുരുകനെ വിവരം അറിയിച്ചത്. മുരുകനും, അരൂരിലെ ജീവകാരുണ്യ ഭവൻ ഡയറക്ടർ സാജു ആളുക്കാരൻ, ബിനീഷ്, ഷിജിൽ, ജിജോ എന്നിവരും ചേർന്ന് ആംബുലൻസുമായി പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ എത്തി സി.ഐ അജയ് മോഹന്റെ അനുമതിയോടും, പൊലീസിന്റെ ഔദ്യോഗിക രേഖകളോടും കൂടി യുവാവിന്റെ സംരക്ഷണം ഏറ്റെടുത്തു.
തുടർന്ന് മുരുകനും സംഘവും യുവാവിനെ കുളിപ്പിച്ചു വൃത്തിയാക്കുന്നതിനിടെയാണ് കയ്യിലെ എട്ട് ഇഞ്ച് നീളവും വീതിയുമുള്ള മുറിവ് ശ്രദ്ധയിൽപ്പെട്ടത്. മോതിരം ഇട്ടിരുന്ന വിരൽ പഴുത്ത് പുഴുവരിക്കുന്ന നിലയിലായിരുന്നു. യുവാവിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി തുടർ ചികിത്സയും സംരക്ഷണവും നൽകുമെന്നും തെരുവോരം മുരുകൻ അറിയിച്ചു