ചേർത്തല: ചേർത്തല നഗരസഭയിലടക്കമുള്ള തോൽവിക്ക് പിന്നാലെ കോൺഗ്രസിലും യു.ഡി.എഫിലും കലാപം.10 വർഷം നഗരസഭ ഭരിച്ച കോൺഗ്രസിനുണ്ടായ തിരിച്ചടി പാർട്ടിക്കുള്ളിലും ഘടക കക്ഷികളിലും വിമർശനത്തിന് കാരണമായിട്ടുണ്ട്.
ശുദ്ധികലശം തന്നെ വേണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. തോൽവിക്ക് കാരണം നേതൃത്വമാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന നേതാക്കളും യൂത്ത് കോൺഗ്രസും രംഗത്ത് വന്നുകഴിഞ്ഞു. ഡി.സി.സി ഭാരവാഹികളുൾപ്പെടെ കെ.പി.സി.സി നേതൃത്വത്തിന് പരാതി സമർപ്പിച്ചു. പാർട്ടിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവരേയും വാർഡുകളിൽ സ്വീകാര്യതയുള്ളവരേയും തഴഞ്ഞ് ചിലരുടെ വ്യക്തി താത്പര്യത്തിന് നേതൃത്വം കൂട്ടുനിന്നതാണ് ദയനീയ പരാജയത്തിന് ഇടയാക്കിയതെന്ന് പാർട്ടിയോട് കൂറുള്ളവരും ചൂണ്ടിക്കാട്ടുന്നു. ചേർത്തലയിൽ മറ്റു മുന്നണികൾ പ്രചാരണ പരിപാടുകളുമായി ബഹുദൂരം മുന്നിലായപ്പോഴും സ്ഥാനാർത്ഥി നിർണയം പോലും പൂർത്തിയാക്കാതെ പകച്ചു നിൽക്കുകയായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് തലേന്ന് മാത്രമാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നത്.
ഇതോടെ തഴയപ്പെട്ട പലരും റിബലുകളായി രംഗത്ത് വന്നു. സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസം മൂലം റിബലുകളെ മത്സരത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ പോലും കഴിഞ്ഞില്ല. തന്നെയുമല്ല തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കേണ്ട ബ്ലോക്ക് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ മത്സരിക്കാൻ എത്തിയതും അവർ തങ്ങളുടെ വാർഡുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതും തോൽവിയുടെ ആഘാതം കൂട്ടി. ബ്ലോക്ക് പ്രസിഡന്റിന് അദ്ദേഹത്തിന്റെ അതിർത്തിയിൽ വരുന്ന പഞ്ചായത്തുകളിൽ ഓട്ടപ്രദക്ഷിണം നടത്താൻ പോലും കഴിഞ്ഞില്ല. അവിടങ്ങളിൽ ദയനീയ തോൽവിക്കും നഗരസഭയിൽ 10 സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടാനും ഇതൊക്കെ കാരണമായി.
എന്നാൽ വയലാർ ബ്ലോക്കിൽ പട്ടണക്കാട് തിരികെ പിടിച്ചതും കടക്കരപ്പള്ളിയിൽ ഒപ്പമെത്തിയതും മാത്രമായിരുന്നു ഏക ആശ്വാസം. മണ്ഡലത്തിലാകെ 12,866 വോട്ടിനാണ് (ഗ്രാമപഞ്ചായത്ത്,നഗരസഭ വോട്ടുനില) എൽ.ഡി.എഫ് മുൻതൂക്കം നേടിയത്. (ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ വോട്ടു നില പരിഗണിച്ചാൽ ഇത് 15000 കടക്കും)
യുവാക്കളെ അവഗണിച്ചതാണ് തോൽവിക്കു കാരണമെന്നു കാട്ടി യൂത്ത്‌കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.രൂപേഷ് നേതൃത്വത്തിനു പരാതി നൽകിയിട്ടുണ്ട്. ഗ്രൂപ്പിസവും വ്യക്തിതാത്പര്യവുമാണ് തോൽവിക്കു കാരണമെന്നും ആരോപിക്കുന്നു.
 സ്ഥാനാർത്ഥികൾക്കും പരാതി
നേതാക്കൾ ഒന്നടങ്കം മത്സരത്തിനിറങ്ങിയതോടെ വാർഡുകളിൽ സ്ഥാനാർത്ഥികൾ സ്വന്തം നിലയിലാണ് മത്സരിക്കേണ്ടിവന്നതെന്ന വിമർശനവുമുണ്ട്. 2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേർത്തല നിയോജക മണ്ഡലത്തിൽ 16,894 വോട്ടിന്റെ മുൻതൂക്കം എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കു ലഭിച്ചപ്പോൾ കെ.പി.സി.സി പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും മണ്ഡലം പരിധിയിലെ രണ്ടു ബ്ലോക്ക് പ്രസിഡന്റുമാരെ നീക്കുകയും ചെയ്തിരുന്നു.