sunil-koppareth

മുതുകുളം: കണ്ടല്ലൂരിലെ ആറു സ്ഥാനാർത്ഥികളുടെ വിജയത്തിന്റെ തിളക്കം പ്രതിഫലിക്കുന്നത് കണ്ടല്ലൂർ വടക്ക് കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂളിലേക്കും. സ്കൂളിലെ രണ്ട് മുൻ അദ്ധ്യാപകരും നാല് പൂർവ വിദ്യാർത്ഥികളുമാണ് തിരഞ്ഞെടുപ്പിൽ വിജയം കൊയ്തത്.

മുതുകുളം ബ്ലോക്ക് കണ്ടല്ലൂർ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സ്കൂളിലെ മുൻ അദ്ധ്യാപകൻ സുനിൽ കൊപ്പാറേത്തിന്റെ വിജയത്തിന് തിളക്കമേറെയാണ്. കണ്ടല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ 75 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സുനിൽ വിജയിച്ചത്. നെറ്റ് ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. മുതുകുളം ബ്ലോക്ക് കണ്ടല്ലൂർ തെക്ക് ഡിവിഷനിൽ നിന്ന് വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി അംബുജാക്ഷി ടീച്ചർ ആണ് മറ്റൊരാൾ. മുൻ അദ്ധ്യാപികയായ അംബുജാക്ഷി കഴിഞ്ഞ തവണ കണ്ടല്ലൂർ ഡിവിഷനിൽ നിന്ന് വിജയിച്ചിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥികളായി കണ്ടല്ലൂർ പഞ്ചായത്ത് നാലാം വാർഡിൽ നിന്ന് വിജയിച്ച കെ.ആർ.രാജേഷ്, ആറാം വാർഡിലെ അമ്പിളി, യു.ഡി.എഫ് സ്ഥാനാർത്ഥികളായി തിരഞ്ഞെടുക്കപ്പെട്ട ഒന്നാം വാർഡിലെ ദീപ പുഷ്പൻ, രണ്ടാം വാർഡിലെ തയ്യിൽ പ്രസന്നകുമാരി എന്നിവർ കൊപ്പാറേത്ത് സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.