ചേർത്തല:താലൂക്ക് ആശുപത്രിയെ പഴയ പ്രതാപത്തിലേക്കെത്തിക്കുന്ന വികസനത്തിന് പ്രധാന്യം നൽകാൻ എൽ.ഡി.എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം നിർദ്ദേശം നൽകി.പ്രകടന പത്രികയിലെ വികസനപദ്ധതികൾ ഒന്നൊന്നായി നടത്തുന്നതിനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.
മാലിന്യ സംസ്‌കരണം,നഗര തൊഴിലുറപ്പുപദ്ധതി വിപുലീകരണം,ക്രിമറ്റോറിയം നിർമ്മാണം,കാർഷിക വികസന പദ്ധതികൾ,എ.സി കനാൽ നവീകരണം എന്നിവയടക്കമുള്ള പദ്ധതികൾക്കായിരിക്കും പ്രഥമ പരിഗണന..
31അംഗ പദ്ധതികളാണ് പ്രകടനപത്രികയിൽ എൽ.ഡി.എഫ് ഉയർത്തിയത്.ഇതിൽ മാർച്ച് 31ന് തുടങ്ങാവുന്ന ജനങ്ങൾക്കു പ്രയോജനകരമാകുന്ന പദ്ധതികൾക്കായി സ്‌ക്രീംഗ് കമ്മിറ്റി രൂപീകരിക്കും.
അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നഗരസഭാവളപ്പിൽ നടക്കും.28ന് ചെയർപഴ്‌സൺ,വൈസ് ചെയർപഴ്സൺ തിരഞ്ഞെടുപ്പിന് ശേഷം വൈകിട്ട് മുനിസിപ്പൽ മൈതാനിയിൽ വിജയസമ്മേളനം നടത്താനും യോഗം തീരുമാനിച്ചു.തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ ടി.ടി.ജിസ്‌മോൻ അദ്ധ്യക്ഷനായി.കൺവീനർ കെ.രാജപ്പൻനായർ,കെ.പ്രസാദ്,എൻ.ആർ.ബാബുരാജ്,യു.മോഹനൻ.വി.ടി.ജോസഫ്,വി.ടി.രഘുനാഥൻനായർ,എൻ.പി.ബദറുദ്ദീൻ,ഷാജിമോഹൻ എന്നിവർ പങ്കെടുത്തു.