ആലപ്പുഴ : കൊവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും വിലക്കയറ്റം പിടിച്ചുനിറുത്താൻ സംസ്ഥാന സർക്കാർ നടത്തിയത് ശക്തമായ ഇടപെടലെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ക്രിസ്മസ് ജില്ലാ ഫെയർ-2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലാ കോടതി പാലത്തിന് പടിഞ്ഞാറുവശം പുന്നപ്ര വയലാർ സ്മാരക ഹാളിൽ ആരംഭിച്ച ജില്ലാ ഫെയറിലെ ആദ്യവില്പന അഡ്വ.എ. എം. ആരിഫ് എംപി നിർവഹിച്ചു. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും ന്യായമായ വിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് സംസ്ഥാനത്തു സപ്ലൈകോ ക്രിസ്മസ് ഫെയറുകൾ ആരംഭിച്ചിരിക്കുന്നത്. സപ്ലൈകോ എറണാകുളം റീജിയണൽ മാനേജർ എൽ. മിനി, ജില്ലാ സപ്ലൈ ഓഫിസർ എം. എസ് .ബീന, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 24 വരെ രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് ഫെയറിന്റെ പ്രവർത്തന സമയം.