മാവേലിക്കര: ആത്മബോധോദയ സംഘത്തിന്റെ കേന്ദ്ര സ്ഥാപനമായ മാവേലിക്കര ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിലേക്ക് വർഷം തോറും നടത്തി വരാറുള്ള ചെറുകോൽ തീർത്ഥാടനത്തിന് 21ന് തുടക്കമാകും. തീർത്ഥാടനത്തിന്റെ ഭാഗമായി ആത്മബോധോദയസംഘ വിശ്വാസികൾ മൂന്നു മാസക്കാലം തുടർച്ചയായി അനുഷ്ഠിച്ചുവന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചു ഇരുമുടിക്കെട്ടുകളുമേന്തി തീർത്ഥാകടകരായി എത്തിച്ചേരും. മൂന്നു ദിവസങ്ങളിലായി നടത്തിവരാറുള്ള തീർത്ഥാടനം കൊവിഡ് മാനദണ്ഡം അനുസരിച്ച് ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇത്തവണ 21 മുതൽ 29 വരെ ഒൻപത് ദിവസങ്ങളിലായിട്ടാണ് നടത്തുന്നത്.
കേരളത്തിൽ നിന്നുള്ള ശാഖാശ്രമങ്ങളിലെ ഭക്തജനങ്ങൾക്ക് മാത്രമാണ് തീർത്ഥാടനത്തിന് അനുവാദമുള്ളത്. ഭക്തജനങ്ങളുടെ ദർശനത്തിനും ഇരുമുടിക്കെട്ട് സമർപ്പണത്തിനും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടനത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഗുരുപൂജ, പ്രാർത്ഥന, ഗുരുദക്ഷിണ, സമാധിമണ്ഡപത്തിൽ പുഷ്പാർച്ചന, ആശ്രമാധിപതി ദേവാനന്ദ ഗുരുദേവിന്റെ അനുഗ്രഹ പ്രഭാഷണം, സന്യാസസംഘത്തിന്റെ ആത്മീയ പ്രഭാഷണം, ആശ്രമപ്രദക്ഷിണം, ഇരുമുടിക്കെട്ട് സമർപ്പണം, പ്രസാദ വിതരണം എന്നീ ചടങ്ങുകൾ നടക്കും.