karimulakkal-dyfi

ചാരുംമൂട് : കഴി​ഞ്ഞ ദി​വസം കരിമുളയ്ക്കലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കു നേരെ നടന്ന അക്രമണത്തിൽ പ്രതിഷേധം.

ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റും സി.പി.എം ബ്രാഞ്ചു സെക്രട്ടറിയുമായ കരിമുളയ്ക്കൽ തെക്ക് അനൂപ് ഭവനത്തിൽ അനൂപ് (29),എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം

വലിയകുഴിവിള സച്ചു (23), പ്രവർത്തകരായ അനുരാജ് (24),ചെറ്റാരിക്കൽ വടക്ക് അപ്പുരാജ് (22),

നാലുതുണ്ടിൽ വൈശാഖ് (25), അഖിൽ ഭവനം അഖിൽ (24),കണ്ണമ്പള്ളിൽ തെക്കതിൽ രാഹുൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. നിരവധി വാഹനങ്ങൾക്ക് നേരെയും അക്രമമുണ്ടായതായി പരാതിയുണ്ട്. സാരമായി പരുക്കേറ്റ അനൂപ്,സച്ചു,അനുരാജ് എന്നിവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി​യി​ൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി 10 മണി കഴിഞ്ഞായിരുന്നു സംഭവം. കുഴിവിള ജംഗ്ഷനിലുള്ള ഗ്രാമീണ ഗ്രന്ഥശാലയി​ലും പരിസരത്തുമായി ഉണ്ടായിരുന്ന യുവാക്കൾക്കു നേരെ ബൈക്കുകളിലെത്തിയ സംഘം വടികളും മറ്റ് ആയുധങ്ങളും കൊണ്ട് അക്രമണം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തി​ന് പി​ന്നി​ലെന്നും തി​രഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതാണ് അക്രമം അഴിച്ചുവിട്ടതിനു പിന്നിലെന്നും സി.പി.എം നേതാക്കൾ ആരോപിച്ചു.

വായനശാലയിലെത്തിയവരുടെ ബൈക്കുകളും, കാറും തകർത്ത നിലയിലാണ്. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് പ്രകടനവും യോഗവും നടത്തി. ഒ.സജികുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രാഘവൻ ഉദ്ഘടനം ചെയ്തു. ആർ.രാജേഷ് എം.എൽ.എ, ഏരിയാ സെക്രട്ടറി ബി.ബിനു, ജി.രാജമ്മ,

കെ.ആർ.അനിൽകുമാർ , മുകുന്ദൻ , ആർ.ബിനു തുടങ്ങിയവർ സംസാരിച്ചു.