മാന്നാർ : മാന്നാർ പഞ്ചായത്തിൽ 9 സീറ്റോടെ ഭരണം നിലനിർത്തിയ യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കുമെന്ന് സൂചന. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിട്ടുള്ള ഇവിടെ രണ്ടു പട്ടികജാതി വനിതകളാണ് വിജയിച്ചത്. 10-ാം വാർഡിൽ നിന്നും രാധാമണി ശശീന്ദ്രനും 16-ാം വാർഡിൽ നിന്നും കെ.സി പുഷ്പലതയുമാണ് വിജയിച്ചത്. ഇവിടെ കോൺഗ്രസിന്റെ രണ്ട് മണ്ഡലം കമ്മിറ്റികളിൽ ഉൾപ്പെടുന്നവരാണ് ഇവർ. അതിനാൽ രണ്ട് കമ്മിറ്റികളും ഇരുവരെയും പ്രസിഡന്റാക്കാൻ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. രണ്ടര വർഷം ഒരാൾക്കും പിന്നീട് അടുത്താൾക്കും പ്രസിഡന്റാവാമെന്ന വ്യവസ്ഥയിൽ. കഴിഞ്ഞ തവണ വൈസ് പ്രസിഡന്റായിരുന്ന മുസ്ലിം ലീഗിലെ ഷൈനാ നവാസ് ഇക്കുറിയും വൈസ് പ്രസിഡന്റ് പദവി ആവശ്യപെട്ടിട്ടുണ്ടെന്നാണ് വിവരം, ഷൈന 5-ാം വാർഡിൽ നിന്നാണ് വിജയിച്ചത്.